ബാംബോലിം: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്ത വമ്പന്‍മാരുടെ ജയം. എ.ടി.കെയ്ക്കായി മന്‍വീര്‍ സിങ്ങും റോയ് കൃഷ്ണയും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ കോള്‍ അലക്‌സാണ്ടറുടെ വകയായിരുന്നു ഒഡിഷയുടെ ഏക ഗോള്‍.

11ാം മിനിറ്റില്‍ തന്നെ മന്‍വീറിലൂടെ എ.ടി.കെ മുന്നിലെത്തി. റോയ് കൃഷ്ണ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ കോള്‍ അലക്‌സാണ്ടര്‍ ഒഡിഷയുടെ സമനില ഗോള്‍ കണ്ടെത്തി.

പിന്നാലെ 54ാം മിനിറ്റില്‍ മന്‍വീര്‍ വീണ്ടും എ.ടി.കെയെ മുന്നിലെത്തിച്ചു. ഇത്തവണയും റോയ് കൃഷ്ണയായിരുന്നു ഗോളിന് പിന്നില്‍.

82ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് കോള്‍ അലക്‌സാണ്ടറുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി എ.ടി.കെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കൃഷ്ണ 83ാം മിനിറ്റില്‍ എ.ടി.കെയുടെ മൂന്നാം ഗോള്‍ നേടി. 86ാം മിനിറ്റില്‍ മന്‍വീറിന്റെ പാസില്‍ നിന്ന് കൃഷ്ണ തന്നെ എ.ടി.കെയുടെ ഗോള്‍ പട്ടിക തികച്ചു.