കൊച്ചി: കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനെ നഷ്ടമായി. വടക്കന്‍ അയര്‍ലന്‍ഡിനുവേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ ഹ്യൂസ് മടങ്ങിയത് ടീമിന് തിരിച്ചടിയായി.ഇതോടെ അടുത്ത മത്സരത്തിലും ഹ്യൂസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. യൂറോ കപ്പിനുശേഷം ഈ മുപ്പത്താറുകാരന്‍ രാജ്യാന്തര മത്സരങ്ങള്‍ അവസാനിപ്പിച്ചതാണ്.

എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബ് വാറ്റ്‌ഫോര്‍ഡിന്റെ ക്രയ്ഗ് കാത്കാര്‍ട്ടിന് പരിക്കേറ്റതിനാല്‍ വടക്കന്‍ അയര്‍ലന്‍ഡ് കോച്ച് മൈക്കേല്‍ ഒനീല്‍ ഹ്യൂസിനെ തിരികെവിളിച്ചു. അവസാന നിമിഷമുള്ള കോച്ചിന്റെ ആവശ്യം ഹ്യൂസ് തള്ളിക്കളഞ്ഞില്ല. സാന്‍ മരീനോ, ജര്‍മനി ടീമുകള്‍ക്കെതിരെയാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ യോഗ്യതാ മത്സരങ്ങള്‍. വടക്കന്‍ അയര്‍ലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചതിന്റെ റെക്കോഡുണ്ട് ഈ പ്രതിരോധക്കാരന്. കഴിഞ്ഞ വര്‍ഷവും മാര്‍ക്വീ താരത്തിനെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായിരുന്നു.