ഗസ്സ: കിഴക്കന്‍ ജറൂസലമിനു പകരം അബൂ ദീസ് നഗരത്തെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നാണ് അമേരിക്ക ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. അമേരിക്കയുടെ ഇത്തരം ഒത്തുതീര്‍പ്പ് കരാറുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. കിഴക്കന്‍ ജറൂസലമില്‍നിന്ന് ഏറെ അകലെയുള്ള അബൂ ദീസിനെ മസ്ജിദുല്‍ അഖ്‌സയുമായി ബന്ധിപ്പിച്ച് പാലം പണിയാമെന്നും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം അനുവദിക്കാമെന്നുമാണ് അമേരിക്കയുടെ നിര്‍ദേശം.

തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു രാഷ്ട്രീയ ശക്തിയെ ഗസ്സയില്‍ കുടിയിരുത്താനും വെസ്റ്റ്ബാങ്കിനെ മൂന്നായി വിഭജിക്കാനുമാണ് മേഖലയിലെ ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹനിയ്യ പറഞ്ഞു. പശ്ചിമേഷ്യക്കുവേണ്ടി യു.എസ് തയാറാക്കുന്ന പദ്ധതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് കരുതലോടെയായിരിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന പ്രക്രിയ പുരനാരംഭിക്കാനെന്ന പേരില്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്‌നര്‍ ചില നീക്കങ്ങള്‍ ആംരഭിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലമിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചാല്‍ ഫലസ്തീനികള്‍ക്ക് പുതിയ ഭൂമിയെന്ന വാഗ്ദാനമാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍, ജോര്‍ദാന്‍ ബന്ധത്തിന്റെ സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹനിയ്യ പറയുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടരാന്‍ അദ്ദേഹം ഫലസ്തീനികളോട് ആഹ്വാനം ചെയ്തു.