കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ണീര്‍വാതക പ്രയോഗത്തിന് ഇരയാകേണ്ടിവരുന്ന ഏക സ്ഥലമാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പെന്ന് പഠന റിപ്പോര്‍ട്ട്. ബെത്‌ലഹേമിന് സമീപമുള്ള ഹായദ അഭയാര്‍ത്ഥി ക്യാമ്പില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുനേരെ ഇസ്രാഈല്‍ സേന വ്യാപകവും വിവേചനരഹിതവുമായ അപ്രതീക്ഷിത കണ്ണീര്‍വാതക പ്രയോഗങ്ങള്‍ നടത്തുക പതിവാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ പലവട്ടം ഇസ്രാഈല്‍ സേനയുടെ കണ്ണീര്‍വാതക പ്രയോഗത്തിന് ഇരയായിട്ടുണ്ടെന്ന് ഹായദ ക്യാമ്പ് നിവാസികള്‍ പറയുന്നു. സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത മുഴുവന്‍ പേരും ആക്രമണത്തിനിരയായിട്ടുണ്ട്. കണ്ണീര്‍വാതക പ്രയോഗങ്ങള്‍ ഫലസ്തീനികളുടെ ശാരീരിക, മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒളിക്കാന്‍ ഇടമില്ലെന്ന തലക്കെട്ടില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ണീര്‍വാതക പ്രയോഗത്തിന്റെ ഭീകരത വിവരിക്കുന്നുണ്ട്. വീട്ടില്‍ ഇരിക്കുമ്പോഴാണ് 84 ശതമാനം പേര്‍ക്ക് കണ്ണീര്‍വാതകം നേരിടേണ്ടിവന്നത്. കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങി ആരും ഇസ്രാഈല്‍ ആക്രമണത്തില്‍നിന്ന് ഒഴിവല്ല.

ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രാഈല്‍ സേന അഭയാര്‍ത്ഥികളെ ആക്രമിക്കാറുള്ളത്. 6400 ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹായദ ക്യാമ്പില്‍ ഇസ്രാഈല്‍ സൈനികര്‍ ആക്രമണം നടത്തുക പതിവാണ്. ഈവര്‍ഷം മാത്രം ഇവിടെ ഫലസ്തീനികളും ഇസ്രാഈല്‍ സൈനികരും തമ്മില്‍ 376 തവണ ഏറ്റുമുട്ടുകയുണ്ടായി. കണ്ണീര്‍വാതകത്തിന്റെ മറവില്‍ വിഷവാതകവും പ്രയോഗിക്കുന്നുണ്ടെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു.