X

യു.എസ്-ഇസ്രാഈല്‍ ബന്ധം വഷളാകുന്നു

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ജൂതകുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ ചൊല്ലി ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു. പതിവിന് വിരുദ്ധമായി വീറ്റോ പ്രയോഗിക്കാതെ പ്രമേയം പാസാക്കിയെടുക്കാന്‍ സഹായിച്ച യു.എസ് നടപടി ഇസ്രാഈലിനെ ചൊടിപ്പിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡര്‍ ഡാനിയല്‍ ഷാപിറോയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത മറ്റു രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രാഈല്‍ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. അന്താരാഷ്ട്ര വിലക്കുകള്‍ കാറ്റില്‍പറത്തി ഫലസ്തീന്‍ മണ്ണില്‍ തുടരുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ ലജ്ജാവഹമെന്നാണ് ഇസ്രാഈല്‍ വിശേഷിപ്പിച്ചത്. യു.എന്‍ പ്രമേയത്തിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇസ്രാഈല്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്ന് നെതന്യാഹു ആവര്‍ത്തിച്ച് ആരോപിച്ചു.

ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് മുന്‍കൈയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമേയം പാസാകണമെന്ന് യു.എസ് ആഗ്രഹിച്ചിരുന്നുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും തെന്യാഹു പറഞ്ഞു. സുഹൃത്തുക്കള്‍ സുഹൃത്തുക്കളെ രക്ഷാസമിതിയിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലെന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. വിശ്വസ്ത സഖ്യകക്ഷിയായി മാത്രം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയില്‍നിന്ന് ഇത്തരമൊരു തിരിച്ചടി ഇസ്രാഈല്‍ പ്രതീക്ഷിച്ചിരുന്നില്ല.

ഫലസ്തീനിലെ അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് അമര്‍ഷമുണ്ട്. തനിക്കുള്ള അതൃപ്തി പലപ്പോഴും അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി ഒബാമയും നെതന്യാഹുവും അകലുകയും ചെയ്തു. അധികാരത്തിന്റെ അവസാന നാളുകളില്‍ ഒബാമ യു.എന്‍ രക്ഷാസമിതിയില്‍ തങ്ങളെ ചതിക്കുമെന്ന് ഇസ്രാഈല്‍ ഭയപ്പെട്ടിരുന്നു. പ്രമേയത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയോട് പ്രതികാരം തീര്‍ക്കാനാണ് ഇസ്രാഈല്‍ തീരുമാനം. ഇസ്രാഈലിനോട് ശത്രുത പുലര്‍ത്തുന്ന അഞ്ച് യു.എന്‍ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നേരത്തെ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു.

chandrika: