X

ചെന്നൈയില്‍ 90 കോടിയുടെ നോട്ടുകള്‍ പിടികൂടി, 70 കോടിയും പുതിയ 2000

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വന്‍ കള്ളപ്പണ വേട്ട. നഗരത്തിലെ ജ്വല്ലറി ഉടമകളുടെ വസതികളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.

ഇതില്‍ 70 കോടി പുതിയ 2000 രൂപ നോട്ടുകളും 10 കോടി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ ശ്രീനിവാസ റെഡ്ഢി, ശേഖര്‍ റെഡ്ഢി, ഇവരുടെ ഏജന്റായ പ്രേം എന്നിവരെ കസ്റ്റഡിയിലെടുത്തു. ടി നഗര്‍, അണ്ണാനഗര്‍ എന്നിവിടങ്ങളിലെ സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കം എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.

രാവിലെ തുടങ്ങിയ പരിശോധന രാത്രിയിലും തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം 30 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. സ്വര്‍ണ കട്ടികളായാണ് ഇവ സൂക്ഷിച്ചിരുന്നത്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളും സ്വര്‍ണകട്ടികളും മാറ്റി ല്‍കുന്നുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റായ പ്രേമിനെ സമീപിക്കുകയായിരുന്നു.

ഇയാളില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംഘം ശേഖര്‍ റെഡ്ഢിയുടെ ടി നഗറിലെ വസതിയില്‍ റെയ്ഡ് നടത്തുകയും 6 കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ടിനാംപേട്ടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് 70 കിലോ സ്വര്‍ണവും കണ്ടെടുത്തു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ മറ്റു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി സ്വര്‍ണവും പണവും പിടിച്ചെടുത്തത്. നോട്ടുകള്‍ മാറ്റി നല്‍കുന്ന റാക്കറ്റിലെ മുഖ്യകണ്ണികളാണ് പിടിയിലായതെന്നും ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മണല്‍ ഖനന മാഫിയാ തലവനായ ശേഖര്‍ റെഡ്ഢി തിരുമല തിരുപതി ദേവസ്വം ട്രസ്റ്റ് അംഗം കൂടിയാണ്. ചികില്‍സയിലായിരുന്ന മുന്‍മുഖ്യമന്ത്രി ജയലളിതക്ക് തിരുപതിയിലെ പ്രസാദം കൈമാറാന്‍ ശേഖര്‍ റെഡ്ഢി ഒക്ടോബര്‍ 12ന് അപ്പോളോ ആസ്പത്രിയില്‍ എത്തിയിരുന്നു.

chandrika: