വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മാതാപിതാക്കള്‍ക്ക് എഴുത്തുകാരിയും അധ്യാപികയുമായ ജെ.ദേവികയുടെ തുറന്ന കത്ത്. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കത്തിലൂടെ ജെ.ദേവിക നടത്തുന്നത്. ഹാദിയ വീട്ടിനുള്ളില്‍ ക്രൂരമായ പീഢനങ്ങള്‍ സഹിക്കുന്നുവെന്ന വാര്‍ത്ത പുറംലോകത്തെത്തിയതിനെ തുടര്‍ന്നാണ് ജെ.ദേവികയുടെ ഇടപെടല്‍. ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനും ഇവര്‍ തുറന്നകത്തെഴുതിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ ഇവിടെ ഹാദിയയുടെ തടവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കക്ഷികള്‍ക്ക് ഓരോരുത്തര്‍ക്കും തുറന്ന കത്തുകള്‍ എഴുതിത്തുടങ്ങുകയാണ്. അതില്‍ ആദ്യത്തേതാണ് ഇത്

ഹാദിയയുടെ അച്ഛനും അമ്മയും അറിയുന്നതിന്,
ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒരുപക്ഷേ നിങ്ങള്‍ക്കും നിങ്ങളെ പടുകുഴിയിലേക്കു തള്ളിയിട്ടു സ്വന്തം കാര്യം നേടാന്‍ പണിപ്പെടുന്ന ഹിന്ദുത്വവാദികള്‍ക്കും സ്വീകാര്യമല്ലായിരിക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം അതായതുകൊണ്ടും, യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് അച്ഛനമ്മമാര്‍ക്കുണ്ടാവണമെന്നും വിചാരിക്കുന്നതുകൊണ്ടും അത് ആവശ്യമാണെന്ന് എനിക്കു തോന്നുന്നു. യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ കരുത്തില്ലാതെ ഹിംസാപ്രയോഗം കൊണ്ട് കാര്യങ്ങളെ സ്വന്തം വരുതിയ്ക്കു നിര്‍ത്താമെന്നു കരുതുന്നത് ബഹുമണ്ടത്തരം മാത്രമല്ല, അതു തികഞ്ഞ ദുഷ്ടത്തരം കൂടിയാണ്. കാരണം, എന്തിനെയാണോ നിങ്ങള്‍ ആവിധം മാറ്റാന്‍ ശ്രമിക്കുന്നത്, ആ ഒന്ന് നിങ്ങളുടെ ആക്രമണംകൊണ്ട് തകര്‍ന്ന് ഇല്ലാതെയാകാനാണ് കൂടുതല്‍ സാദ്ധ്യത. ഇരുപത്തിനാലു വയസ്സു തികഞ്ഞ നിങ്ങളുടെ മകളെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ നടത്തുന്ന ഈ ശ്രമം, നിങ്ങളെ ഒടുവില്‍ കണ്ണീരിലാഴ്ത്തും, തീര്‍ച്ച. ഒരിക്കലും തീരാത്ത വിങ്ങലും വേദനയുമാണ് നിങ്ങളുടെ കുടുംബത്തിന് ഇതു സമ്മാനിക്കാന്‍ പോകുന്നത്. അതില്‍ നിന്ന് പിന്മാറി മകള്‍ക്കൊപ്പം സന്തോഷത്തോടെ, പരസ്പരബഹുമാനത്തോടെ കഴിയാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

എങ്കിലും, നിങ്ങള്‍ക്കു മകളോടുള്ള വികാരത്തെ സ്‌നേഹം എന്നു വിളിക്കാനാവില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. സ്‌നേഹമെന്നാല്‍ മകളെ അടിച്ചമര്‍ത്തലല്ല, സാഹചര്യം എന്തുതന്നെയായാലും. കുട്ടികളെക്കുറിച്ച് എന്താണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്? നിങ്ങളുടെ ഇഷ്ടാനിഷ്ടമനുസരിച്ചു കുഴച്ചുരുട്ടി രൂപപ്പെടുത്താവുന്ന കളിമണ്ണാണോ കുട്ടികള്‍?
മക്കള്‍ എത്ര മുതിര്‍ന്നാലും തങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയ്ക്കു തന്നെ നിന്നുകൊള്ളണമെന്ന് ശാഠ്യം പിടിക്കുന്ന ലക്ഷക്കണക്കിനു മലയാളി രക്ഷിതാക്കളില്‍ രണ്ടുപേര്‍ മാത്രമാണ് നിങ്ങളെന്നറിയാം. സ്വന്തം മക്കള്‍ക്കു മനുഷ്യത്വം പോലും അനുവദിച്ചുകൊടുക്കാത്ത ആദ്യത്തെ മാതാപിതാക്കള്‍ നിങ്ങളല്ല. മുതിര്‍ന്നുകഴിഞ്ഞാലും അവര്‍ക്കു ചിന്താശേഷിയും തെരെഞ്ഞെടുക്കല്‍ ശേഷിയുമുണ്ടെന്ന് അംഗീകരിക്കാത്ത മാതാപിതാക്കള്‍ നിങ്ങള്‍ മാത്രമല്ല. ഇന്ന്, പക്ഷേ ,കേരളത്തില്‍ അത്തരം മാതാപിതാക്കളുടെ അധികാരഭ്രാന്തിനെ ചെറുപ്പക്കാര്‍ നേരിട്ടും അല്ലാതെയും എതിര്‍ക്കുന്ന കാഴ്ചയാണ് എങ്ങും. പറഞ്ഞുകൊള്ളട്ടെ, അമിതമായ നിയന്ത്രണമോഹത്തെ സ്‌നേഹത്തിന്റെ കുപ്പായമിട്ടു പ്രദര്‍ശിപ്പിച്ചാല്‍ അതിെന്റെ ദുഷ്ടത കുറയില്ല. പട്ടില്‍ പൊതിഞ്ഞ ശവത്തെപ്പോലെയാണ് നിങ്ങളുടെ സ്‌നേഹം. അതു ദിനംപ്രതി കൂടുതല്‍ക്കൂടുതല്‍ നാറുന്നു. ചീഞ്ഞളിഞ്ഞ മാംസം പട്ടിലൂടെ പടര്‍ന്ന് ആ കാഴ്ച കൂടുതല്‍ ഭയാനകമാകുന്നു.

മകളെ സംരക്ഷിക്കാനാണ് ഇതെല്ലാമെന്ന് നിങ്ങള്‍ പറയുന്നു, പലരും അതു വിശ്വസിക്കുന്നു. ഞാനും കുറച്ചുനാള്‍ അതു വിശ്വസിച്ചു. പക്ഷേ, ഹാദിയയുടെ അമ്മേ, നിങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ സാമീപ്യത്തില്‍ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കു മനസ്സിലായി, മകളെ സംരക്ഷിക്കാനല്ല, അവളെ ശ്വാസംമുട്ടിച്ചു സ്വന്തം വരുതിയ്ക്കു നിര്‍ത്താനാണ് നിങ്ങള്‍ പണിപ്പെടുന്നതെന്ന്. മകളുടെ മതവിശ്വാസത്തില്‍ വന്ന മാറ്റത്തെപ്പറ്റിയും അവളുടെ മാറിയ പെരുമാറ്റത്തെപ്പറ്റിയും നിങ്ങള്‍ അന്ന് കരഞ്ഞുപറഞ്ഞത്, ആ മാറ്റങ്ങള്‍ മൂലം മകള്‍ നിങ്ങള്‍ക്കു നഷ്ടപ്പെട്ടു എന്നാണ്. ഉവ്വോ ശരിക്കും, ഇത്രമാത്രമേ ഉള്ളോ നിങ്ങള്‍ക്കവളോടുള്ള രക്തബന്ധം?. മതം എന്നാല്‍ അഭിപ്രായം എന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ എന്നാണ് ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മതം മാറിയാലും മാറാതിരുന്നാലും ഫലം സമമാണെന്നും സ്വാമി നമ്മോടു പറഞ്ഞിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സ്വാമിവചനത്തെ എന്തുകൊണ്ട് നിങ്ങള്‍ ഓര്‍ക്കുന്നില്ല? മകളുടെ മതവിശ്വാസത്തെ ഈ അരുള്‍മൊഴിയുടെ വെട്ടത്തിലാണ് നിങ്ങള്‍ തിരിച്ചറിഞ്ഞതെങ്കില്‍ അവള്‍ മറ്റൊരു കുടുംബത്തിലേക്ക് വിവാഹത്തിലൂടെ രക്ഷപ്പെടാന്‍ നോക്കില്ലായിരുന്നല്ലോ?

എന്തൊരു ദുരന്തമാണിത് ഗുരുവചനപ്രകാശം തൊട്ടടുത്തുണ്ടായിട്ടും നിങ്ങള്‍ കടുത്ത ഇരുട്ടില്‍, അതും ഹിന്ദുത്വമെന്ന പിശാച് തഴച്ചുവളരുന്ന ഇരുട്ടില്‍ തപ്പിതടയുന്നല്ലോ!!
സ്‌നേഹമെന്നാല്‍ എണ്ണമെഴുക്കാണ് . രണ്ടു പ്രതലങ്ങള്‍ തടസ്സമേതുമില്ലാതെ, ജാഢ്യം കൂടാതെ, പരസ്പരം ബന്ധപ്പെട്ടു ചലിക്കുന്ന അവസ്ഥയാണത്. അതെന്തെന്ന് നിങ്ങള്‍ക്കറിയില്ല. അറിയുമായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ സ്വന്തം തീരുമാനമെടുക്കാന്‍ വിട്ടേനെ. എങ്കില്‍ അവള്‍ നിങ്ങളില്‍ നിന്ന് അകലില്ലായിരുന്നു. വസ്തുനിഷ്ഠമായി ചിന്തിക്കുന്നവര്‍ ഇതേക്കുറിച്ച് ചോദിക്കാനിടയുള്ള ഒരു ചോദ്യത്തെപ്പറ്റി നിങ്ങള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ സ്വന്തം കുടുംബത്തിന്റെ തണല്‍ വിട്ട് (നിങ്ങള്‍ ആരോപിക്കുംപോലെ), അപകടംപിടിച്ച തീവ്രവാദത്തിലേയ്ക്ക് എടുത്തുചാടാന്‍, മുതിര്‍ന്നവളും അഭ്യസ്തവിദ്യയുമായ ഒരു യുവതിയെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം? . അഭിപ്രായസ്വാതന്ത്ര്യവും സ്‌നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അത്തരമൊരിടത്തേയ്ക്ക് ഒരാള്‍ പോകുമോ ?

അതായത്, ഈ സംഭവം കേരളത്തിലെ കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും സ്‌നേഹശൂന്യതയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. ഇന്ന് മകളെ നോക്കുംപോള്‍ ഇരുപത്തിനാലു വര്‍ഷം മുന്‍പ് ജാതിയോ മതമോ പേരോ ഇല്ലാതെ നിങ്ങളുടെ കൈകളിലേക്കു വന്ന ആ പിഞ്ചുകുഞ്ഞിനെ നിങ്ങള്‍ക്കു കാണാനാവുന്നില്ല. പകരം നിങ്ങളുടെ മനസ്സിനെ കാര്‍ന്നു തിന്നുന്ന ഇസ്ലാംഭീതി സൃഷ്ടിച്ച ഭയാനകചിത്രങ്ങള്‍ മാത്രമേ കാണാനുള്ളൂ മതാന്ധത എന്ന് ഗുരു പറഞ്ഞത് ഇതിനെപ്പറ്റിയാണ്.
എന്നോട്‌ളു നിങ്ങളുടെ മകള്‍ക്കാണ് ഈ വിധിയെങ്കില്‍ എന്നു ചോദിക്കരുത്. കാരണം ഈ വിധി നിങ്ങളാണ് സൃഷ്ടിച്ചത്. ഇരുപത്തിനാലുകാരിയായ എന്റെ മകള്‍ നിങ്ങളുടെ മകളെപ്പോലെയാണ്. ജാതിമത വ്യത്യാസങ്ങളല്ല മനുഷ്യരെ തീരുമാനിക്കുന്നതെന്നു കരുതുന്നു നമ്മുടെ മക്കള്‍. എന്റെ മകള്‍ ഒരുപടി കൂടിക്കടന്ന്, ആണ്‍പെണ്‍ഭേദത്തെത്തന്നെ തള്ളിക്കളയുന്നവളാണ്. അതുപക്ഷേ എന്റെ സ്‌നേഹത്തെ തളര്‍ത്തിയിട്ടേയില്ല. ഞാന്‍ രാഷ്ട്രീയലാഭം നോക്കിവരുന്ന ചെന്നായ്ക്കള്‍ക്ക് അവളെ എറിഞ്ഞുകൊടുത്തിട്ടില്ല.അവള്‍ എന്തായാലും ആദ്യം എന്റെ മകളാണ്. അതില്‍ എനിക്കു സംശയമേതുമില്ല.

സത്യത്തില്‍ നിങ്ങളെ ഓര്‍ത്ത് ദുഃഖിച്ചുപോകുന്നു. ഈ കളിയില്‍ എല്ലാവരും ജയിക്കും, തോല്‍ക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രം. മതവും പറഞ്ഞുവരുന്നവര്‍ അവരുടെ പക്ഷം ജയിച്ചുകഴിഞ്ഞാല്‍ കറിവേപ്പില പോലെ നിങ്ങളെ ഉപേക്ഷിക്കും. കേരളം ഭരിക്കുന്ന പുരോഗമനകക്ഷികള്‍ ഇപ്പോള്‍ നിശബ്ദരാണ്, പക്ഷേ മതകക്ഷികള്‍ തമ്മിലടിച്ചാല്‍ താഴെ വിഴുന്ന ചോര നക്കിതുടയ്ക്കാന്‍ അവര്‍ മുന്നിലുണ്ടാകും. അവരും കിട്ടിയ ലാഭം കക്ഷത്തിലാക്കി പോകും.
മകളുടെ കടുത്ത വെറുപ്പു മാത്രം നേടി, അവളുടെ സ്‌നേഹം നഷ്ടപ്പെട്ട്, തോറ്റിടറി, പടക്കളത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കാവും.
മക്കള്‍ പാറക്കഷണങ്ങളല്ല, മുത്തുവളരുന്ന ചിപ്പികളാണ്. ഓരോ മുത്തുചിപ്പിയും സവിശേഷമാണ്. അതുണ്ടാക്കുന്ന മുത്ത് അപൂര്‍വവും. അനേകം അടരുകള്‍ ഒന്നിനുപുറകേ ഒന്നായി വളര്‍ന്നാണ് മുത്ത് രൂപപ്പെടുന്നത്. മുത്തുണ്ടുകും മുന്‍പ് കുത്തിമുറിമുറിക്കുന്നവര്‍ ആ പ്രക്രിയയെ ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല, ചിപ്പിയെത്തന്നെ നശിപ്പിക്കുന്നു.
അത്തരം ദുഷ്ടത നിങ്ങള്‍ കാട്ടരുതെന്ന് മാത്രമാണ് എന്റെ അപേക്ഷ.

ജെ ദേവിക