കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ ഖുര്‍ആനെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയതില്‍ ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ് ഖേദം പ്രകടിപ്പിച്ചു. കേരളത്തില്‍ അറബി മലയാളത്തിലാണ് ഖുര്‍ആന്‍ അച്ചടിക്കുന്നത് എന്നായിരുന്നു ജെയ്ക്ക് പറഞ്ഞത്. എന്നാല്‍ ഇത് നാക്കുപിഴ സംഭവിച്ചതാണെന്നാണ് ജെയ്ക്ക് പറയുന്നത്.

‘ഇന്നലെ മനോരമ ന്യൂസില്‍ നടന്ന സംവാദത്തില്‍ അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്ലിങ്ങള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികള്‍ക്ക് അനായാസം പാരായണം ചെയ്യുവാന്‍ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാന്‍ ആഗ്രഹിച്ചത്. പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നല്‍കുന്നത്.

ചര്‍ച്ചയ്ക്കിടെ മന:പൂര്‍വമല്ലാതെ സംഭവിച്ച വീഴ്ച്ച ആര്‍ക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കില്‍ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുന്‍പുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല. ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവന്‍ ആളുകളുടെയും നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു’-ജെയ്ക് പറഞ്ഞു.