കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമനില തെറ്റിയത് ആര്‍ക്കാണെന്ന് വൈകുന്നേരങ്ങളില്‍ നടക്കുന്ന വാര്‍ത്താസമ്മേളനങ്ങള്‍ കണ്ടാല്‍ മനസിലാകും. കള്ളുക്കുടിച്ച കുരങ്ങനെ തേള്‍ കുത്തിയപോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മകളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ഉയര്‍ത്തിയ ആരോപണം കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായിരുന്നു. ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അതു വാര്‍ത്തയാവുമല്ലോ എന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ തുടര്‍ന്ന് മറ്റൊരു ചോദ്യത്തിലേക്ക് മധ്യമപ്രവര്‍ത്തകര്‍ കടന്നപ്പോള്‍ പഴയ ചോദ്യത്തിന്‍മേല്‍ തന്നെ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അതേസമയം ഉന്നയിച്ച ചോദ്യത്തോട് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. മാനസിക നില തെറ്റിയ ആളാണ് ബിജെപി അധ്യക്ഷനെന്നും പിണറായി പറഞ്ഞു.

മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനാക്കി വയ്ക്കുന്നത് ആ പാര്‍ട്ടി ആലോചിക്കണം. സുരേന്ദ്രനല്ല, പിണറായി വിജയന്‍. അതോര്‍ക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മറുപടി നല്‍കാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയേണ്ട അവസ്ഥയിലേക്ക് മാറിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇതുന്നയിക്കുന്നത്. വെറുതെ വിളിച്ചു പറയുകയാണോ? മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. ശുദ്ധ അപവാദം വിളിച്ചു പറയുമ്പോള്‍ അതിനെ അങ്ങനെ കാണാന്‍ കഴിയും. അനാവശ്യ വിവാദങ്ങളുടെ ഭാഗമായി അഴിമതിക്കാരാണ് എന്ന ചിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതേശരിയല്ല മുഖ്യമന്ത്രി പറഞ്ഞു.