മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. നെയ്മര്‍ വിട്ടുപോകുന്നത് ലാലിഗയുടെയോ ബാര്‍സയുടെയോ ഖ്യാതിയെ ബാധിക്കില്ലെന്നും എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി എന്നിവരില്‍ ആരെങ്കിലും പോയാല്‍ അതാവില്ല സ്ഥിതി എന്നും തെബാസ് പറഞ്ഞു.

കരാര്‍ കാലാവധി കഴിയാതെ നെയ്മറിനെ ക്ലബ്ബ് വിടാന്‍ അനുവദിക്കില്ലെന്ന് ബാര്‍സലോണ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ക്ലബ്ബ് വിടുകയാണെങ്കില്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ (1671 കോടി രൂപ) നല്‍കി നെയ്മറിനെ വാങ്ങാന്‍ പി.എസ്.ജി സന്നദ്ധമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ലാലിഗയും ബാര്‍സലോണയും നെയ്മറേക്കാള്‍ വലുതാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ മെസ്സിയോ വിട്ടാലാവും എനിക്ക് കുറച്ചുകൂടി വിഷമമുണ്ടാവുക.’ മുണ്ടോ ഡിപോര്‍ട്ടിവോ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തെബാസ് പറഞ്ഞു.

നെയ്മറിനെ വാങ്ങുകയും റിലീസിങ് വ്യവസ്ഥയിലുള്ള തുക പൂര്‍ണമായി നല്‍കാതിരിക്കുകയും ചെയ്താല്‍ പി.എസ്.ജിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവേഫയുടെ സാമ്പത്തിക മര്യാദകളും യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.

കണ്ണുതള്ളിക്കുന്ന പണം കൊണ്ടുമാത്രം കാര്യം സാധിക്കാമെന്ന് പി.എസ്.ജി കരുതേണ്ട. യുവേഫ ഇത് അവഗണിച്ചാല്‍ കായിക തര്‍ക്ക പരിഹാര കോടതിയെയും സമീപിക്കും. ഫ്രാന്‍സ്, സ്‌പെയിന്‍ രാജ്യങ്ങളിലെ കോടതികളിലും നിയമ പോരാട്ടം നടത്തും – തെബാസ് പറഞ്ഞു.സ്വന്തം വീഴ്ചയെ മറ്റൊരാള്‍ പരിഹസിച്ചപ്പോള്‍ അടങ്ങിയിരിക്കാന്‍ മൗറീഞ്ഞോക്കായില്ല
സ്വന്തം വീഴ്ചയെ മറ്റൊരാള്‍ പരിഹസിച്ചപ്പോള്‍ അടങ്ങിയിരിക്കാന്‍ മൗറീഞ്ഞോക്കായില്ല