ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢത എന്തെന്ന ചോദ്യവുമായി തെന്നിന്ത്യന്‍ നടി ഗൗതമി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ബ്ലോഗില്‍ നല്‍കിയ കുറിപ്പിലാണ് ജയലളിതയുടെ മരണത്തിനു പിന്നിലെ ദൂരൂഹത നീക്കണമെന്ന് ഗൗതമി ആവശ്യപ്പെടുന്നത്. തെന്നിന്ത്യന്‍ താരം കമല്‍ ഹാസനുമൊത്തുള്ള ജീവിതം (ലിവിങ് ടുഗദര്‍) അവസാനിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ച ഗൗതമി, ജയലളിത വിഷയത്തിലെ കുറിപ്പോടെ വീണ്ടും വാര്‍ത്താ കേന്ദ്രമാവുകയാണ്. ഗൗതമിയുടെ രാഷ്ട്രീയ രംഗപ്രവേശത്തിന്റെ ചുവടുവെപ്പായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടന്ന് മൂന്നാം ദിവസമാണ് കമല്‍ഹാസനുമൊത്തുമുള്ള ജീവിതം അവസാനിപ്പിക്കുന്നതായി അവര്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് അണ്ണാ ഡി.എം.കെയില്‍ നിലനില്‍ക്കുന്ന നേതൃശൂന്യത മുതലെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാവുന്ന ഗൗതമിയുടെ ജയലളിത വിഷയത്തിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആസ്പത്രിയില്‍ സെപ്തംബര്‍ 22നാണ് ജയലളിതയെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും രോഗം എന്തെന്നോ, എന്തെല്ലാം ചികിത്സകളാണ് നല്‍കുന്നതെന്നത് സംബന്ധിച്ചോ ഉള്ള വിശദാംശങ്ങള്‍ രഹസ്യമാക്കിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനില മാത്രമാണ് അവസാന നിമിഷം വരെയും അപ്പോളോ ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്. ഡിസംബര്‍ നാലിന് ജയലളിതക്ക് ഗുരുതരമായ ഹൃദയാഘാതമുണ്ടായതായും ഡിസംബര്‍ അഞ്ചിന് രാത്രി 12 മണിയോടെ മരണം സ്ഥിരീകരിച്ചുകൊണ്ടുമുള്ള മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തിറങ്ങി. അപ്പോഴും രോഗവും ചികിത്സയുമെല്ലാം നിഗൂഢമായിത്തന്നെ നിലനിന്നു.
Be the first to write a comment.