തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെച്ച മന്ത്രിസ്ഥാനത്തേക്ക് ഇ.പി ജയരാജന്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ സി.പി.ഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സി.പി.എം നീക്കം. നേരത്തെ, ജയരാജന് മന്ത്രിസ്ഥാനം വീണ്ടും നല്‍കുകയാണെങ്കില്‍ ഇനിയൊരു മന്ത്രികൂടി വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനാണ് സി.പി.എമ്മിന്റെ നീക്കം.

ജയരാജന്റെ മടക്കത്തില്‍ സി.പി.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മറ്റൊരു മന്ത്രികൂടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. എന്നാല്‍ മന്ത്രിസ്ഥാനത്തിന് സി.പി.ഐക്ക് ഇപ്പോള്‍ കടുംപിടിത്തമില്ലെന്നാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പരാതി തീര്‍ക്കാന്‍ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സി.പി.എം.

ജയരാജന്റെ മടങ്ങിവരവ് പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ പോകുന്നതിന് മുമ്പ് 14-നോ 17-നോ ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടാകും. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ചുമതല ജയരാജന് നല്‍കുമെന്നാണ് സൂചന.

നേരത്തെ, കൈകാര്യം ചെയ്ത വ്യവസായവകുപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കും. നിലവില്‍ വ്യവസായം കൈകാര്യം ചെയ്യുന്ന എ.സി.മൊയ്തീന് തദ്ദേശസ്വയംഭരണ സ്ഥാപനവകുപ്പായിരിക്കും ലഭിക്കുക. വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങളില്‍ നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.