റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ലാലുവിന് ആറ് ആഴ്ചത്തെ താല്‍കാലിക ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 12 ആഴ്ചത്തെ ജാമ്യം അനുവദിക്കണമെന്ന്് ലാലുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. മകന്‍ തേജ് പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞദിവസം ലാലുവിന് മൂന്ന് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോളിലുള്ള ലാലു ഇപ്പോള്‍ പട്‌നയിലാണുള്ളത്. നാളെയാണ് തേജ് പ്രതാപിന്റെ വിവാഹം. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ പ്രത്യേക സി.ബി.ഐ കോടതി ലാലുവിന് ഏഴുവര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിന്നീട് ബിര്‍സമുണ്ട ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു.