തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മഹിജ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തുകയാണെങ്കില്‍ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യമനുസരിച്ച് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നാണ് പൊലീസ് വാദം. സമരത്തിനായി ഡിജിപി ഓഫീസിനു മുന്നിലെത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും സഹപാഠികളെയും സിഐയുടെയും എസ്‌ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. അതിനിടെ ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ചര്‍ച്ചക്കു വിളിച്ചു. കുടുംബാംഗങ്ങള്‍ അഞ്ചു പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് വിവരം.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റു ചെയ്യുക, കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുടുംബാംഗങ്ങള്‍ സത്യാഗ്രഹ സമരം നടത്തുന്നത്.