തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു കുറ്റവും ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മാനസികാവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അവരെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. സമരം അവാനിപ്പിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. താന്‍ ഇടപ്പെട്ടാല്‍ തീരാവുന്ന സമരമായിരുന്നില്ല അന്ന് നടന്നത്. പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ക്കു പോലും അന്നത്തെ സംഭവത്തില്‍ എതിരഭിപ്രായമുണ്ടായി. ജിഷ്ണുവിന്റെ കുടുംബത്തിനു വേണ്ടി ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പിന്നെയും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കെ.എം ഷാജഹാന്‍ സമരത്തിനെത്തിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഷാജഹാന്റെ പങ്ക് എന്തെന്ന് പൊലീസ് അന്വേഷിക്കട്ടെ. ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന സമരത്തിന്റെ പേരിലാണ് ഷാജഹാനെ അറസ്റ്റു ചെയ്തത്. അല്ലാതെ വ്യക്തിവിരോധമുണ്ടായിരുന്നെങ്കില്‍ നേരത്തെ നടപടിയെടുക്കാമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നു മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബം എന്ത് ആവശ്യത്തിനുവേണ്ടിയാണ് സമരം നടത്തിയതെന്ന് വിലയിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.