തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി ജീന്‍സണില്‍ നിന്ന് അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. സാത്താന്‍ സേവയുടെ ഭാഗമായാണ് കൂട്ടക്കൊല നടന്നതെന്നാണ് ജീന്‍സണ്‍ നല്‍കിയ മൊഴി. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്ന് ജീന്‍സണ്‍ പൊലീസിനോട് പറഞ്ഞു. അതേസമയം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്കു ശേഷമാകും വിശദമായ ചോദ്യംചെയ്യല്‍. കുടുംബാംഗങ്ങള്‍ അറിയാതെ പത്തു വര്‍ഷമായി താന്‍ സാത്താന്‍ സേവ നടത്തുന്നുണ്ടെന്ന് ജീന്‍സണ്‍ പൊലീസിനെ അറിയിച്ചു. ആസ്‌ട്രേലിയയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന്‍ സേവയുടെ ഭാഗമായത്. ഒരേ ദിവസം നാലു പേരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാല്‍ ഇയാളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് പൊലീസ്. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷമായിരിക്കും വിശദമായ ചോദ്യംചെയ്യലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ പ്രകോപിതരാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.