X

സര്‍ക്കാര്‍ ഒത്തുതീര്‍പ്പില്‍; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം അവസാനിച്ചു

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്.

സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചനടത്തി വിഷയം ഒത്തുതീര്‍പ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയെ ഫോണില്‍ വിളിക്കുകയുമുണ്ടായി. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും എല്ലാ പ്രതികളേയും ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്‍കി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളേജിലെ വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ ശക്തിവേലിനെ ഇന്നാണ് അറസ്റ്റ് ചെയ്ത്. അഞ്ച് ദിവസങ്ങളായി സമരം നടത്തിവരുന്ന കുടുംബാംഗങ്ങളുടെ ആവശ്യം ലഘൂകരിക്കാന്‍ ഇത് സഹായകരമായെന്നാണ് നിഗമനം.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശക്താമായ ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രശ്‌നത്തില്‍ ഒത്തു തീര്‍പ്പിന് മധ്യസ്ഥത വഹിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കാനായി കാനം ആസ്പത്രിയിലും എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടന്ന ചര്‍ച്ചക്കു ശേഷമായിരുന്ന കാനത്തിന്റെ സന്ദര്‍ശനം.

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടു. പിണറായി മഹിജയെ ഫോണില്‍ വിളിച്ചു കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. ഇതു കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

chandrika: