കടലുണ്ടി : ഔദ്യോഗിക യോഗത്തിനായി കടലുണ്ടിയിലെത്തിയ കോഴിക്കോട് താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് മരിച്ച നിലയില്‍. കൊല്ലം കടവൂര്‍ നീരാവില്‍ പരേതനായ രാഘവന്റെ മകന്‍ ശിശുപാലന്‍ (52) ആണ് മരിച്ചത്. കടലുണ്ടി നവധാരയില്‍ തെരഞ്ഞെടുപ്പ് ബൂത്ത് ക്രമീകരണവുമായി ബന്ധപ്പെട്ട് ബി.എല്‍.ഒ.മാര്‍, കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

നാലു വര്‍ഷം കടലുണ്ടി വില്ലേജ് ഓഫീസറായിരുന്നഇദ്ദേഹം യോഗം കഴിഞ്ഞ് നാലുമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഇടച്ചിറയില്‍ വില്ലേജ് ഓഫീസിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ അല്പനേരം വിശ്രമിക്കാന്‍ താല്പര്യപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ച് വരാതായപ്പോള്‍ സമീപത്തെ കച്ചവടക്കാര്‍ വിവരമറിയാന്‍ പോയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.