india

കാനഡയുടെ ആരോപണം അതീവഗുരുതരം; അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണം: അമേരിക്ക

By webdesk14

September 21, 2023

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെ ആരോപണത്തെ ഗൗരവമായാണു കാണുന്നത്. തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടത്. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിര്‍ബി പറഞ്ഞു.

കാനഡ ഇതേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണം. രണ്ടു രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ട്. കിര്‍ബി കൂട്ടിച്ചേര്‍ത്തു.