ബാംഗളൂരു: കല്‍ബുര്‍ഗി കൊലക്കേസില്‍ കൊലയാളിയെ അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി തിരിച്ചറിഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഉമാദേവി കല്‍ബുര്‍ഗി കൊലയാളിയെ തിരിച്ചറിഞ്ഞത്. 2015 ഓഗസ്റ്റ്- 30 നാണ് കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ എസ്.ഐ.റ്റി കല്‍ബുര്‍ഗി കൊലക്കേസിലും പ്രതിചേര്‍ത്തിരുന്നു. സനാതന്‍ സന്‍സ്താന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരായ ഇവരെയാണ് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയതെന്നാണ് സൂചന.

പിതാവിന്റെ കൊലയാളിയെ തന്റെ അമ്മ തിരിച്ചറിഞ്ഞെന്ന് കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയ് കല്‍ബുര്‍ഗി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കൊലയാളിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.