തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത കാണികളെ കസ്റ്റഡിയിലടുത്ത പോലീസ് നടപടി ശരിയായില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇത് അംഗീകരിക്കാനാകില്ല. എഴുന്നേറ്റ് നില്‍ക്കാത്തത് കൊണ്ട് ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പറയാനാവില്ലെന്നും കമല്‍ പറഞ്ഞു.

എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ ഇടപെടലുണ്ടാകരുതെന്ന് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എഴുന്നേറ്റ് നില്‍ക്കാത്തതിന് കാണികള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നടന്‍ വിനീത് ശ്രീനിവാസനും, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തിയ്യേറ്ററുകളില്‍ മാത്രമല്ല, ആളുകള്‍ കൂട്ടംകൂടി നല്‍ക്കുന്നയിടത്തും ദേശീയഗാനം കേള്‍പ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി ഏകെ ബാലന്‍ പറഞ്ഞു.