X

വരണം കായിക കലാപം-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍

സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും മുഹമ്മദ് ഫറയും ട്രാക്കിനോട് വിടപറയുന്ന മീറ്റ്. ബോള്‍ട്ടും ഫറയുമെല്ലാം അവസാന ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ കഠിന പരിശീലനം നടത്തുമ്പോള്‍ കന്നി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്ന വലിയ സ്വപ്‌നവും പേറി കണ്ണീരോടെ സ്വന്തം വീട്ടില്‍ കോടതിയുടെയും അധികാരികളുടെയുമെല്ലാം കനിവ് കാത്തിരിക്കുന്നു നമ്മുടെ ചിത്ര. ഏതെങ്കിലും താരത്തിനുണ്ടോ ഈ അവസ്ഥ…? ട്രാക്കില്‍ വിസ്മയമായ കൊച്ചുതാരത്തിന്റെ വലിയ സ്വപ്‌നമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. അതിനുളള ഒരുക്കത്തിനിടെ ഇടിത്തീ പോലെ അധികാരികളുടെ ഫൗള്‍ പ്ലേ. പിന്നെ കോടതിയിലേക്ക്. നീതിപീഠം അനുകൂലമായിട്ടും ഫെഡറേഷന്റെ നാടകങ്ങള്‍. സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ ഇടപ്പെട്ടതും മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചു. ആ കത്തില്‍ കാര്യമില്ലെന്ന് പരസ്യമായി പറഞ്ഞായിരുന്നു മനസ്സില്ലാ മനസ്സോടെ കത്ത് വിട്ടത്. കത്ത് തള്ളിയതോടെ ചിത്രയുടെയും മലയാളത്തിന്റെയും സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. കത്ത് തള്ളപ്പെട്ട അതേ ദിവസം തന്നെ ചിത്രയെ പോലെ നമ്മുടെ ട്രാക്കില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ പട്ടികയില്‍ വന്നു എന്നത് കാണാതിരിക്കരുത്. ദ്യുതിചന്ദും സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അവസാനത്തില്‍ വന്നിരിക്കുന്നു. അതിലാര്‍ക്കും പരാതിയില്ല. അവരും മല്‍സരിക്കട്ടെ. പക്ഷേ ചിത്രക്കെതിരെ പലപല കുരുക്കുകള്‍ പറയുന്ന ലളിത് ഭാനോട്ടിന്റെ സംഘം മലയാളി താരത്തിന്റെ കാര്യത്തില്‍ മാത്രം ഊരാകുടുക്കിന്റെ വലിയ സാധ്യത പറയുമ്പോള്‍ ഇവിടെ നിര്‍ബന്ധമാവുന്നത് ഒരു കായിക കലാപമാണ്. ആ കലാപത്തിന് മുന്നില്‍ നില്‍ക്കാന്‍ ആരെങ്കിലും വേണം. സെലക്ഷന്‍ എന്ന പേരില്‍ നടക്കുന്ന നാടകങ്ങളും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ചിലര്‍ നടത്തുന്ന വഴി വിട്ട നീക്കങ്ങളും ഫെഡറേഷന്റെ അധികാരക്കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈമനസ്യമുള്ള കള്ളന്മാരെയുമെല്ലാം പച്ചക്ക് പുറത്താക്കാന്‍ വേണ്ട ആര്‍ജ്ജവമുള്ളവരാണ് കലാപം നയിക്കാന്‍ വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം ശുദ്ധീകരണ കലാപത്തിന് നേതൃത്വം നല്‍കിയത് സുപ്രീം കോടതിയാണെങ്കില്‍ അതേ പരമോന്നത നീതിപീഠം തന്നെ വരട്ടെ അത്‌ലറ്റിക്‌സിലെ ശുദ്ധീകരണത്തിന്. സര്‍ക്കാരുകള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമൊന്നും ഇടപെടാനുള്ള ധൈര്യമില്ല. ചിത്രയുടെ സങ്കടം ഇനി മറ്റൊരാളുടെ സങ്കടമാവരുത്. മുണ്ടൂരിലെ വീട്ടിലോ, ഊട്ടിയിലെ ക്യാമ്പിലോ ഇരുന്ന് ടെലിവിഷനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാണേണ്ട താരമല്ല ചിത്ര-ലണ്ടനിലെ ഒളിംപിക്‌സ് സ്‌റ്റേഡിയത്തില്‍ കായികതയുടെ ആ മാനവ മഹാവേദിയില്‍ കൈയ്യടികളുടെ അകമ്പടിയില്‍ ഓടേണ്ട താരമാണ്. ഇനി മറ്റൊരു ചിത്രയുണ്ടാവരുത്. അതിനുള്ള കായിക കലാപത്തിന് ആര് മുതിര്‍ന്നാലും അവര്‍ക്ക് തുറന്ന പിന്തുണ.

chandrika: