2024 സെപ്തംബര്‍ അഞ്ചിനായിരുന്നു കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധിയെ കണ്ടുവെന്ന് വ്യക്തമാക്കി ലിയോ മെസി കേരളത്തില്‍ വരുമെന്ന് ആദ്യം പരസ്യപ്പെടുത്തിയത്. അന്ന് തന്നെ പ്രമുഖ കായിക മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സംശയമുന്നയിച്ച് പോസ്റ്റിട്ടു. അര്‍ജന്റീനക്കാരെ ക്ഷണിക്കാന്‍ അവരുടെ ആസ്ഥാനമായ ബ്യുണസ് അയേഴ്സില്‍ പോവുന്നതിന് പകരം സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി മന്ത്രി പ്രഖ്യാപനം നടത്തിയതിലെ സംശയമാണ് അദ്ദേഹമുന്നയിച്ചത്. മന്ത്രി പങ്ക് വെച്ച ചിത്രത്തിലെ അര്‍ജന്റീനക്കാരന്റെ പദവിയും കമാല്‍ വരദൂര്‍ ചോദിച്ചിരുന്നു.
തട്ടിപ്പ് ചിത്രവും ഉഡായിപ്പ് പ്രഖ്യാപനവുമെന്നായിരുന്നു കമാല്‍ കുറിച്ചത്. സ്പെയിനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മന്ത്രി കമാലിന്റെ പോസ്റ്റിനെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇടത് സൈബര്‍ പോരാളികള്‍ മന്ത്രിക്കായി കമാല്‍ വരദൂറിനെതിരെ അട്ടഹസിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് കമാല്‍ വരദൂര്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ വാളില്‍ ആ പോസ്റ്റുണ്ട്. ഇന്നിപ്പോള്‍ മന്ത്രി തന്നെ പറഞ്ഞു- മെസി വരുന്നില്ലെന്ന്…. അപ്പോഴും കമാല്‍ വരദൂര്‍ ഉന്നയിച്ച രണ്ട് ചോദ്യങ്ങള്‍ ബാക്കി;
1- ബ്യുണസ് അയേഴ്സില്‍ പോവുന്നതിന് പകരം എന്തിനാണ് മന്ത്രി മാഡ്രിഡില്‍ പോയത്…? 2- മാഡ്രിഡില്‍ മന്ത്രി ആരെയാണ് കണ്ടത്…? 3- എന്ത് ഉത്തരവാദിത്വത്തിലാണ് പലവട്ടം മന്ത്രി മെസി വരുമെന്ന് ആവര്‍ത്തിച്ചതും ഇപ്പോള്‍ നിഷേധിക്കുന്നതും?