X

കാന്‍സാസ് വെടിവെപ്പ്; കുറ്റവാളിക്കെതിരെ വംശീയാതിക്രമക്കുറ്റം ചുമത്തിയെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: യുഎസിലെ കാന്‍സാസില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുചിബോട്‌ലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിക്കെതിരെ വംശീയാതിക്രമം ചുമത്തി കേസെടുത്തതായി റിപ്പോര്‍ട്ട്. ശ്രീനിവാസിന്റെ ഭാര്യയായ സുനൈന ദുമാല ഭര്‍ത്താവിന്റെ കൊലയാളിയായ ആദം പ്യൂരിന്‍ടണിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തേ രംഗത്തെത്തിയിരുന്നു. താന്‍ ആഗ്രഹിച്ച വാര്‍ത്തയാണ് കേട്ടതെന്നും കൊലപാതകിക്കെതിരെ വംശീയാതിക്രമക്കുറ്റം ചുമത്തിയത് വളരെയധികം സന്തോഷം നല്‍കിയെന്നും വാര്‍ത്തയോട് പ്രതികരിക്കവേ സുനൈന വ്യക്തമാക്കി.
ശ്രീനിവാസിന്റ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ സുനൈനക്ക് പിന്തുണയുമായി ധാരാളം കത്തുകളാണ് ലഭിച്ചത്. ഇത് താന്‍ ഒറ്റക്കല്ലെന്നും തന്റെ കൂടെ ഒരുപാടുപേര്‍ ഉണ്ടെന്നും വിശ്വസിക്കാനിടയാക്കിയെന്നും സുനൈന മാധ്യമങ്ങളോട് പറഞ്ഞു.
യുഎസില്‍ വിദേശികള്‍ക്കെതിരെയുള്ള വംശീയാതിക്രമങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കേണ്ടതുണ്ട്. ഈ കേസിന്റെ വിചാരണയോടുകൂടി വംശീയാതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനൈന വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീനിവാസിനെതിരെ ആദം(51) വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ ഇന്ത്യന്‍ സഹപ്രവര്‍ത്തകരായ ശ്രീനിവാസിനെയും അലോക് മദ്‌സാനിയെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുഎസുകാരനായ ഇയാന്‍ ഗ്രില്ലറ്റിന് പരിക്കേറ്റിരുന്നു. അലോക് പരിക്കുകളോടെ രക്ഷപ്പെട്ടു.
തുടര്‍ന്ന് യുഎസിലെ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ സുരക്ഷയെ ചോദ്യം ചെയ്ത് സുനൈന എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

chandrika: