കോഴിക്കോട്: തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കാരാട്ട് റസാഖ്. രണ്ട് ദിവസത്തിനകം വിരമിക്കാനിരിക്കുന്ന ആളാണ് വിധി പറഞ്ഞ ജഡ്ജി. ഇതിനിടെ വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് സംശയിക്കുന്നതായി കാരാട്ട് റസാഖ് പറഞ്ഞു.

എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതിനാണ് കാരാട്ട് റസാഖിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. റസാഖ് മാസ്റ്റര്‍ക്കെതിരെ വ്യാജ അഴിമതിയാരോപണങ്ങള്‍ അടക്കം ഉന്നയിക്കുന്ന വീഡിയോകള്‍ നിര്‍മിച്ച് പ്രചാരണത്തിനുപയോഗിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.