വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാജ്യം. കാണാതായ എം എല്‍ എ മാര്‍ നിയമസഭയില്‍ തിരിച്ചെത്തിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ ബി.ജെ.പി ക്ക് ഭൂരുപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോയികൊണ്ടിരിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സഭയില്‍ അവതരിപ്പിക്കാനായി നീണ്ട രാജിപ്രസംഗം ബി.ജെ.പി ക്യാമ്പില്‍ തയ്യാറായി വരുന്നതായാണ് റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്.

ആനന്ദ് സിങിനെയും പ്രതാപ ഗൗഡയേയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബി.ജെ.പി പിടിച്ചുവെച്ചിരിക്കുയാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടക ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോട്ടലിലെത്തിയിരുന്നു.

അതേസമയം ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണ്.
വിധാന്‍ സഭയില്‍ ബി.എസ് യെദ്യൂരപ്പയും ബി.ജെ.പി നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചയിലാണ്. ഭൂരിപക്ഷം തെളിയിക്കാനാകുന്നില്ലെങ്കില്‍ രാജിവെക്കാനാണ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശമെന്നും സൂചനയുണ്ട്. വിശ്വാസ വോട്ടെടുപ്പിലേക്ക് കടന്നാല്‍ കൂടുതല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ നീക്കം.