ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വോട്ടിംഗ് രീതി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് വോട്ടിംഗ് മെഷിനിലെ കള്ളകളികള്‍ അവസാനിപ്പിക്കാനായി ബാലറ്റ് പേപ്പര്‍ വോട്ടിംഗ് രീതി ഉപയോഗിക്കണമെന്ന ആവശ്യവുമായി സിദ്ധാരാമയ്യ രംഗത്തെത്തിയത. ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടന സ്ഥാപനമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിച്ചിട്ടുള്ളത്. ഞങ്ങള്‍ക്ക് പറയാനുള്ളത് പഴയ രീതിയിലേക്ക് നമുക്ക് തിരിച്ചു പോകാമെന്നാണ്. ഇത് ഞങ്ങളുടെ മാത്രം അഭിപ്രായമല്ല, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതിയും സമാന ആവശ്യം ഉന്നയിച്ചിരുന്നു സിദ്ധരാമയ്യ പറഞ്ഞു.

അമേരിക്കയും ജര്‍മനിയും മുമ്പ് ഇവിഎം ഉപയോഗിച്ചിരുന്നതാണെന്നും ദുരുപയോഗ സാധ്യത മനസിലാക്കി പിന്നീട് ബാലറ്റ് പേപ്പറിലേക്ക് തിരികെ വരികയായിരുന്നുവെന്നും സിദ്ധരാമയ്യ പിന്നീട് ട്വീറ്റ് ചെയ്തു. അധികാര ദുര്‍വിനിയോഗത്തിന് സാധ്യത നല്‍കാതെ സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധാരമായ്യ പറഞ്ഞു.