ന്യൂഡല്‍ഹി/ബംഗളൂരു: എം.എല്‍.എമാരുടെ കൂട്ട രാജിയെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ മന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.

അനുനയ ചര്‍ച്ചക്കായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരിട്ടെത്തി. അമേരിക്കയില്‍ നിന്നും ബംഗളൂരുവില്‍ തിരിച്ചെത്തിയതു മുതല്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കാണ് കുമാരസ്വാമി ഒരുങ്ങിയത്. വിമാനത്താവളത്തില്‍ വച്ച് ജെ.ഡി.എസ് നേതാക്കളുമായും പിന്നീട് നിയമസഭാ കക്ഷി യോഗത്തിലും അതു കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി. രാത്രി ഏഴരയോടെ ആരംഭിച്ച ചര്‍ച്ചകള്‍ പന്ത്രണ്ടര വരെ നീണ്ടു. എന്നാല്‍ സമവായ ഫോര്‍മുല ഉണ്ടായിട്ടില്ലെന്നാണ് സൂചന. യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര, കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചത്. അതേസമയം മന്ത്രിസഭാ വിപുലീകരണത്തിന് കോണ്‍ഗ്രസും ജെ.ഡി.എസും ഏകദേശ ധാരണയില്‍ എത്തിയെന്നാണ് സൂചനകള്‍. എന്നാല്‍ ആരൊക്കെ രാജി വയ്ക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല.

കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടനക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്ന വിമത എം.എല്‍.എമാരുമായി ജലവിഭവ വകുപ്പ് മന്ത്രിയും റിസോര്‍ട്ട് രാഷ്ട്രീയത്തിലെ ചാണക്യനുമായ ഡി.കെ ശിവകുമാര്‍ നിരന്തരം ബന്ധപ്പെട്ടു വരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ രാജിസന്നദ്ധത അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് പരമേശ്വര അറിയിച്ചു. ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡി.കെ ശിവകുമാറും അറിയിച്ചു.

ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ഇന്നലെ ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തൊട്ടു പിന്നാലെ ഡി.കെ ശിവകുമാറും ദേവഗൗഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. സംസ്ഥാന സര്‍ക്കാറിന് നിലനില്‍പ്പ് ഭീഷണിയില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതു വിധേനയും സംസ്ഥാന സര്‍ക്കാറിനെ താങ്ങി നിര്‍ത്താനാണ് എ.ഐ.സി.സി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ 13 വിമത എം.എല്‍.എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ആലോചനയിലുണ്ട്. നിലവിലെ 13 മന്ത്രിമാരെ രാജിവെപ്പിച്ച ശേഷമായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക.
അതേസമയം പുതിയ സര്‍്ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ ബി.ജെ.പിയും ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. എം.എല്‍.എമാരെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്നാണെന്നും സൂചനയുണ്ട്. കാത്തിരുന്നു കാണാം എന്നു മാത്രമാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കുന്നത്. ജെ.ഡി.എസ് – കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ചൊവ്വാഴ്ച മാത്രമേ ഓഫീസിലെത്തൂവെന്ന് നിയമസഭാ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ചരടു വലികള്‍ക്ക് ഇരു പക്ഷത്തിനും സമയമുണ്ട്. ഓഫീസിലെത്തിയ ശേഷം മാത്രമേ എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കൂ. അതിനു മുമ്പ് എം.എല്‍.എമാരെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ജെ.ഡി.എസും നടത്തുന്നത്.
ഇതിനിടെ സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ പാര്‍ട്ടി വിടില്ലെന്ന നിലപാടുമായി മൂന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തി. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിക്കുന്നതിനെ എതിര്‍ക്കില്ലെന്ന നിലപാടുമായി ഉപമുഖ്യമന്ത്രി ജി പരമേശ്വരയും രംഗത്തെത്തി.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ സിദ്ധാരാമയ്യ തയ്യാറാക്കിയ നാടകമാണ് എം.എല്‍.എമാരുടെ രാജി ഭീഷണിയെന്നാണ് ബി.ജെ.പി ആരോപണം.