ബംഗളൂരു: മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോകുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിക്ക് സുരക്ഷ ഒരുക്കാനുള്ള പുതുക്കിയ ചെലവ് കണക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

സുരക്ഷക്കായി മഅദ്‌നിക്കൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ യാത്രാ ബത്തയും ദിനബത്തയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ കണക്ക് സമര്‍പ്പിക്കുക. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ചെലവ് കണക്ക് പുതുക്കുന്നത്.

സുരക്ഷക്കു വേണ്ടി 14 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക നേരത്തെ മുന്നോട്ടുവെച്ച കണക്ക്. എന്നാല്‍ ഇത് അടക്കാനാവില്ലെന്ന് അറിയിച്ച് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഭീമമായ തുക പറഞ്ഞ കര്‍ണാടക സര്‍ക്കാറിനെതിരെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മഅദ്‌നിയില്‍ നിന്ന് ഇത്രയും തുക ഈടാക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞിരുന്നു.