കാസര്‍കോട് : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കാസര്‍കോട് എട്ടു വീടുകള്‍ തകര്‍ന്നു. മധുരവാഹിനി പുഴ കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് പടല്‍യിലെ 7 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂരില്‍ കുപ്പം, കക്കാട് പുഴകള്‍ കരകവിഞ്ഞു. കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.