തിരുവനന്തപുരം: ലോകം കണ്ട ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗപ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും.
അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്), കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രകൃതി രമണീയമായ കേരളം യോഗക്ക് അനുയോജ്യമായ ഇടമാണെന്നത് വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്റെ ലക്ഷ്യമെന്ന് അറ്റോയ് പ്രസിഡന്റ് പി.കെ അനീഷ് കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗഅധ്യാപകര്‍, പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ തുടങ്ങിയവരാണ് യോഗ ടൂറില്‍ പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗപര്യടനത്തിന്റെ രജിസ്ട്രേഷന് ലഭിച്ചതെന്നു ഇരുവരും പറഞ്ഞു. അമേരിക്ക, ജര്‍മ്മനി, യുകെ, സ്പെയിന്‍, സിംഗപ്പൂര്‍, പോളണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യോഗ പ്രോഫഷണലുകള്‍ പര്യടനത്തിനെത്തും. 14ന് രാവിലെ ഒമ്പതിന് കോവളം ലീലാ റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗ പര്യടനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് രാജ്യാന്തര യോഗ സമ്മേളനം ചേരും.
ജൂണ്‍ 15ന് സംഘം ശിവാനന്ദ ആശ്രമത്തിലേക്ക് പോകും. ചര്‍ച്ചകള്‍ക്ക് ശേഷം സംഘം കന്യാകുമാരിയിലേക്ക്. വിവേകാനന്ദ ആശ്രമം അടക്കം സന്ദര്‍ശിക്കുന്ന സംഘം, അടുത്ത ദിവസം രാവിലെ ചടയമംഗലം ജടായുപ്പാറയിലേ യോഗാഭ്യാസത്തിനു ശേഷം കൊല്ലത്തേക്ക് പോകും.
17ന് ആറന്മുളയിലേക്കു പോകുന്ന സംഘം വൈകിട്ടോടെ കുമരകത്തെത്തും. 18ന് രാവിലെ കുമരകത്ത് കായല്‍ സവാരിക്ക് ശേഷം മൂന്നാറിലേക്ക് പോകും. 20ന് കൊച്ചിയിലെ ചരിത്ര പ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സംഘം കാണും. രാജ്യാന്തര യോഗദിനമായ 21ന് വിശാല യോഗാപ്രദര്‍ശനം നടക്കും.
യോഗയുടെ തലസ്ഥാനമാകാനൊരുങ്ങി കേരളം

Be the first to write a comment.