ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് സുപ്രീംകോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതി വിധി. ഇതോടെ ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം.

20 വയസ്സുകാരിയായ തുഷാരയുടെയും 21 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി തുഷാരയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയായ തുഷാരക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. 2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്. നന്ദകുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റേതാണ് ഉത്തരവ്.