അഹമ്മദ് ഷരീഫ് പി.വി
ബംഗളൂരു: കര്‍ണാടക നിയമഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെക്കുന്ന വര്‍ഗീയ പ്രചാരം വിജയിക്കില്ലെന്ന് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബംഗളൂരു കെ.പി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും, അമിത് ഷായും കര്‍ണാടക തെരഞ്ഞെടുപ്പ് ഏത് വിധേനയും വിജയിക്കുന്നതിനായി പല വിദ്യകളും പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രചാരണ രംഗത്തു നിന്നും തനിക്ക് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും താന്‍ പ്രചാരണത്തിനായി കര്‍ണാടകയില്‍ വന്നിരുന്നെങ്കിലും ഇത്രയും ആത്മ വിശ്വാസത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക് നിരവധി സഹായമാണ് സിദ്ധരാമയ്യ സര്‍ക്കാറില്‍ നിന്നും ലഭിച്ചത്. മലയാളി വോട്ടര്‍മാര്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ ദുര്‍ഭരണവും സിദ്ധരാമയ്യ സര്‍ക്കാറിന്റെ ഭരണ നേട്ടവും വിലയിരുത്തുന്നതാവും ഈ തെരഞ്ഞെടുപ്പ്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സിദ്ധരാമയ്യ സര്‍ക്കാറിന്റെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രിപ് ഇറിഗേഷന്‍ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് പ്രയോജനപ്പെട്ടത്. രാജ്യത്തെ എഫ്.ഡി.ഐയുടെ 33 ശതമാനവും കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലേക്കാണ് വന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമായ കര്‍ണാടകയോടുള്ള അസൂയയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാ കാന്റീനെ കുറിച്ച് പുച്ഛിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും ഇന്ദിരാ കാന്റീനെ ആശ്രയിക്കുന്ന കാഴ്ചയാണ് ബംഗളൂരു അടക്കം സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണാനായതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്ഥിരതയും സദ്ഭരണവുമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വിജയം. സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ ഇല്ലാത്ത അഴിമതി ആരോപിക്കുമ്പോള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും എണ്ണ വില കുത്തനെ ഉയര്‍ത്തുന്നത് ആരെ സഹായിക്കാനാണെന്ന് മോദിയും അമിത് ഷായും വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സിദ്ധരാമയ്യ സര്‍ക്കാറിനെതിരായ പ്രചാരണം അഴിച്ചു വിടാന്‍ മാസങ്ങളായി കര്‍ണാടകയില്‍ ചെലവിട്ടിട്ടും ഒന്നും ലഭിക്കാത്തതിന്റെ ഫലമായാണ് വര്‍ഗീയ പ്രചാരണം അമിത് ഷാ കെട്ടഴിച്ചു വിടുന്നതെന്നും എന്നാല്‍ അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റേയും പ്രചാരണം ചീറ്റിയത് മറികടക്കാനായാണ് മോദിയുടെ റാലികള്‍ക്ക് വലിയ പ്രാധാന്യം നല്‍കി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. ആന്റോ ആന്റണി എം.പി, കര്‍ണാടക പി.സി.സി സെക്രട്ടറിമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Be the first to write a comment.