പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ വിവാദ കരാറുകളില്‍നിന്ന് പിന്‍വാങ്ങുന്നു. ഇമൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് 3000 ഇലക്ട്രിക്ക് ബസ്സുകള്‍ നിര്‍മ്മിക്കുന്ന കരാറില്‍നിന്നാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയത്. സാധ്യതാപഠനം പോലും നടത്താതെയുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

കോവിഡ് വിവരശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗഌിനെ കരാര്‍ ഏല്‍പിച്ചതും സര്‍ക്കാര്‍ വേണ്ടെന്നുവെക്കുകയാണ്. ചട്ടങ്ങള്‍ പാലിക്കാതെ സ്പ്രിംഗഌുമായി കരാര്‍ ഒപ്പുവെച്ചത് വന്‍ വിവാദമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി മാറ്റിനിര്‍ത്തപ്പെട്ട എം. ശിവശങ്കറായിരുന്നു കരാറിനു പിന്നില്‍. അന്ന് കരാറിനെ ന്യായീകരിച്ച സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ കരാറില്‍നിന്ന് പിന്‍വാങ്ങുന്നത്. സ്പ്രിംഗഌ ഇതുവരെ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

ശേഖരിച്ച വിവരങ്ങളെല്ലാം നശിപ്പിച്ചുവെന്നാണ് ഒടുവില്‍ നല്‍കിയ റിപ്പോര്‍ട്ട്. ലൈഫ് പദ്ധതിയുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയവര്‍ തന്നെ കരാറിലെ അഴിമതി അന്വേഷിക്കുമെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം കൂടി ശരിവെക്കുകയാണ്.