കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്‍ന്നുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് നിരോധനാജ്ഞ. ഹൈകോടതി മന്ദിരത്തിനു 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ച് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144(3) വകുപ്പു പ്രകാരമാണ് ഉത്തരവ്. നിരോധനാജ്ഞ ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നു. കേരള ഹൈക്കോടതിയുടെ ജൂലൈ 27ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.