തിരുവനന്തപുരം: മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 21ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണ വേളയിലായിരുന്നു സംഭവം. ബാര്‍കോഴയുടെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ അക്രമസംഭവങ്ങള്‍ അഴിച്ചുവിട്ടത്. ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്, കെ.ടി.ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എം.എല്‍.എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.