കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പൊലീസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെന്നും തന്നെ കുടുക്കിയെന്നുമുള്ള ദിലീപിന്റെ വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളഞ്ഞു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും പ്രതി പട്ടികയില്‍ ചേര്‍ത്തതെന്നും അന്വേഷണ ചുമതലയുണ്ടായിരുന്ന പെരുമ്പാവൂര്‍ സി.ഐ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ ബോധപൂര്‍വം വൈകിപ്പിക്കാനാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാന്‍ നിയമപരമായി സാധിക്കില്ലെന്നും പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.