വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ്. ഖഷോഗിയുടെ വധം അന്വേഷിക്കുന്നതില്‍ അമേരിക്കക്ക് ആത്മാര്‍ത്ഥതയില്ലെന്നും തന്നെ ക്ഷണിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിഛായ ഉയര്‍ത്താനാണ് ട്രംപിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു.

തുര്‍ക്കി പൗരയായ ഹാറ്റിസ് സെംഗിസ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് ശേഷം ഇതാദ്യമായാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. ഖഷോഗ്ജിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നീതിക്ക് മുമ്പില്‍ കൊണ്ടു വരണമെന്നും ശിക്ഷിക്കണമെന്നും ഹാറ്റിസ് പറഞ്ഞു.

ഖഷോഗിയെ അപായപ്പെടുത്താന്‍ നീക്കമുള്ളതായി അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍ പോലും കൗണ്‍സുലേറ്റിനുള്ളിലേക്ക് പോകാന്‍ അനുവദിക്കുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് കൗണ്‍സുലേറ്റിന് പോകുമ്പോള്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല കാരണം സെപ്തംബര്‍ 28ന് പോയപ്പോള്‍ ഖഷോഗിയോട് നല്ല രീതിയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയിരുന്നതെന്നും ഹാറ്റിസ് പറഞ്ഞു.