മലപ്പുറം: കേരളകോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്ത്. മാണി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു.

കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്.യു.ഡി.എഫിനൊപ്പം തുടക്കം മുതല്‍ മാണിയുണ്ടായിരുന്നു. പാര്‍ട്ടി എന്ന നിലക്കും നേതാവ് എന്ന നിലക്കും യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും മാണിയുടെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.

km-mani

യു.ഡി.എഫിനോടുള്ള ഗാഢമായ ബന്ധം മാണിക്കുണ്ട്. യു.ഡി.എഫില്‍ നിന്ന് പോകാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കാനായി കുഞ്ഞാലിക്കുട്ടിക്കായി കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.

മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ കേരളകോണ്‍ഗ്രസ് പിന്തുണക്കുമെന്ന് കെ.എം മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണയെന്നും യു.ഡി.എഫിനല്ലെന്നും മാണി പറയുകയും ചെയ്തു. അരനൂറ്റാണ്ടായി മുസ്‌ലിം ലീഗുമായി കേരളകോണ്‍ഗ്രസിനുള്ള സൗഹൃദമാണ് പിന്തുണക്കുന്നതിന് പിന്നിലെന്ന് അറിയിച്ച മാണി വോട്ടര്‍ഭ്യര്‍ത്ഥിക്കുന്നതിനായി കണ്‍വെന്‍ഷനും നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിലേക്കുള്ള മാണിയുടെ തിരിച്ചുവരവിനുള്ള സാധ്യത ചര്‍ച്ചയാക്കിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയെ തിരിച്ചുവിളിക്കുകയും ചെയ്തു.