X

‘തന്നെ കൊന്നാല്‍ അഞ്ചു തെരഞ്ഞെടുപ്പ് തോല്‍ക്കും’; പിണറായിയെ വെല്ലുവിളിച്ച് ഷാജഹാന്‍

തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്‍. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് തനിക്കെതിരെ പോലീസ് നടപടിക്ക് കാരണമായതെന്ന് ഷാജഹാന്‍ പറഞ്ഞു. പിണറായിക്ക് പകയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് മുഖ്യമന്ത്രി. പക തീര്‍ക്കാമെന്നാണെങ്കില്‍ കേരളത്തില്‍ അത് നടക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്‍കും. ഇനിയുള്ള ജീവിതം അതിന് വേണ്ടിയാണെന്നും ജയില്‍ മോചിതനായ ഷാജഹാന്‍ പറഞ്ഞു. ജാമ്യം കിട്ടിയതിന് ശേഷം വീട്ടിലെത്തി ഷാജഹാന്‍ അമ്മയുടെ നിരാഹാരസമരം അവസാനിപ്പിച്ചു. എന്തുകൊണ്ട് തന്നെ കൊന്നില്ല? ടി.പി ചന്ദ്രശേഖരനെ വധിച്ചപ്പോള്‍ രണ്ട് തെരഞ്ഞെടുപ്പ് തോറ്റെങ്കില്‍ തന്നെ കൊന്നാല്‍ സി.പി.എം അഞ്ച് തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്നും ഷാജഹാന്‍ പറഞ്ഞു. എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മിനി സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് ആഞ്ഞടിച്ചു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതില്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ഗൂഢാലോചന കാട്ടിയെന്നും അത് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും എസ്.യു.സി.ഐ നേതാവ് മിനി പറഞ്ഞു.

chandrika: