X
    Categories: More

കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന് പേര്: ‘കുമ്മനാന’ മുന്നില്‍

ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ‘വറൈറ്റി’ പേരുകള്‍ നിര്‍ദേശിക്കാന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കൊച്ചി മെട്രോയ്ക്ക് മലയാളികളുടെ വക എട്ടിന്റെ പണി. ‘അപ്പു, തൊപ്പി, കുട്ടന്‍’ തുടങ്ങിയ പേരുകളൊന്നും നിര്‍ദേശിക്കേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ മെട്രോയ്ക്ക് ‘കുമ്മനാന’, ‘കുമ്മന്‍’ എന്നീ പേരുകളാണ് ഏറ്റവും കൂടുതലായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം ലൈക്ക് നേടുന്ന മൂന്നു പേരുകളാവും അന്തിമ പരിഗണനക്കെടുക്കുക എന്ന് കൊച്ചി മെട്രോ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ഔദ്യോഗിക ക്ഷണമൊന്നും ഇല്ലാതിരുന്നിട്ടും പങ്കെടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ഉദ്ദേശിച്ചാണ് ‘കുമ്മനാന’, ‘കുമ്മന്‍’ എന്നീ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. വിവാദമായ സംഭവത്തിനു ശേഷം കുമ്മനത്തെപ്പറ്റി നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. അനുവദാമില്ലാതെ പങ്കെടുക്കുന്നതിനെപ്പറ്റി ‘കുമ്മനടി’ എന്നൊരു ഭാഷാ പ്രയോഗം തന്നെ സൈബര്‍ ലോകത്ത് പരിചിതമായി. ഇഥിനു പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന്റെ കുമ്മനത്തിന്റെ പേരിനോട് സാമ്യമുള്ള പേര് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മലയാളി ലിജോ വര്‍ഗീസ് ആണ് ‘കുമ്മനാന’ എന്ന പേര് നിര്‍ദേശിച്ചത്. 24 മണിക്കൂറിനുള്ളില്‍ 5,000-ലധികം പേര്‍ ഇതിന് ലൈക്ക് നല്‍കിക്കഴിഞ്ഞു. നിലവില്‍ ഏറ്റവുമധികം ലൈക്ക് ഉള്ളത് ‘കുമ്മനാന’ക്കാണ്.

മിലന്‍ തോമസ് നിര്‍ദേശിച്ച ‘കുമ്മന്‍’ എന്ന പേരിന് ആയിരത്തിലേറെ പേരുടെ പിന്തുണയുണ്ട്. എന്നാല്‍ തന്റെ കമന്റ് മെട്രോ അധികൃതര്‍ Hide ചെയ്തു എന്ന ആരോപണവുമായി മിലന്‍ തോമസ് രംഗത്തെത്തി.

വറൈറ്റി വേണമെന്ന് കൊച്ചി മെട്രോ പരസ്യത്തില്‍ തന്നെ വ്യക്തമാക്കിയതിനാല്‍ ‘പുതുമയുള്ള’ പേരുകളാണ് മിക്കവരും നിര്‍ദേശിക്കുന്നത്. അശ്വതി അച്ചു, ജിംബ്രു, ഷാജി പാപ്പന്‍, അല്‍ അപ്പു എന്നിങ്ങനെ രസകരമായ പേരുകള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്. കൊച്ചിയുടെയും മെട്രോയുടെയും പ്രത്യേകതകള്‍ മുന്‍നിര്‍ത്തിയും പേരു നിര്‍ദേശം വരുന്നുണ്ട്.

കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ അന്തിമ പരിഗണനക്കെടുക്കുമെന്നും അതില്‍ നിന്ന് ഒന്നാവും അധികൃതര്‍ തെരഞ്ഞെടുക്കുകയെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയതിനാല്‍ ‘കുമ്മനാന’യും ‘കുമ്മനും’ പരിഗണിക്കപ്പെടുമോ എന്നാണ് ഇനി കാണേണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: