X

സി.പി.എം ജില്ലാ സമ്മേളനം; കണ്ണൂരില്‍ വിവാദം കൊടിയേറുന്നു!

കണ്ണൂര്‍: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ജില്ലാ സമ്മേളനം നാളെ തുടങ്ങുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ആരോപണം ചര്‍ച്ചചെയ്താല്‍ കണ്ണൂരില്‍ വലിയ വിഭാഗീയതയ്ക്ക് തിരിതെളിയിക്കും. ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനും പാര്‍ട്ടി സെക്രട്ടറിയുമായി നിലനില്‍ക്കുന്ന വിയോജിപ്പ് ഇതോടെ മറനീക്കി പുറത്തുവന്നേക്കും.
ബന്ധു നിയമനത്തിനു പുറമെ ഇ.പിയുടെ വിവാദപ്രസംഗങ്ങളും പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും.
പാര്‍ട്ടി നയത്തിനു വിരുദ്ധമായ രീതിയില്‍ പീലിക്കോട് വെങ്ങക്കോട് ഭഗവതീ ക്ഷേത്ര ചടങ്ങില്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിമര്‍ശനമുയര്‍ന്നേക്കാം. ഇതിനു പുറമെ പി. ജയരാജനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ട നടപടിയും സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്.
ജില്ലാ സെക്രട്ടറിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പുറത്തിറക്കിയ ഗാനശിബിരത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ നടപടി ബ്രാഞ്ച് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു. ഇതു ശരിയായില്ലെന്നാണ് പല നേതാക്കളുടെയും നിലപാട്.
തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട സമരവും ജയിംസ്മാത്യു എം.എല്‍.എയുടെ നിലപാടും ചര്‍ച്ചയ്ക്ക് വരും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലെ 11 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ ഏരിയ നേതാക്കള്‍ക്ക് വിയേജിപ്പുണ്ട്. ഇതും സമ്മേളനവേദിയില്‍ ചര്‍ച്ചയാവും.
ബിനോയിക്കെതിരെയുള്ള ആരോപണം സമ്പന്ധിച്ച് സമ്മേളത്തില്‍ ചോദ്യം ഉയര്‍ന്നാല്‍ മുഴു സമയം പങ്കെടുക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്നെ മറുപടി പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അദ്ദേഹം നല്‍കിയ മറുപടി പാര്‍ട്ടി അംഗീകരിച്ച സാഹചര്യത്തില്‍ വലിയ പ്രതിസന്ധി ഈ കാര്യത്തിലുണ്ടാവില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ സ്വന്തം ജില്ലയില്‍ നിന്നു ചോദ്യം ഉയരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അങ്ങിനെ ഉണ്ടായാല്‍ അതു ഇ.പി ജയരാജനിലേക്കാണ് വിരള്‍ ചൂണ്ടുന്നത് എന്നതും ശ്രദ്ധേയമാണ്.

ജില്ലയിലെ 18 ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള 410പേരും ജില്ലാ കമ്മിറ്റി അംഗങ്ങളായ 47പേരുമാണ് സമ്മേളനത്തിലെ പ്രതിനിധികള്‍.
നാളെ രാവിലെ പത്തിന് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 29 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ 25000പേര്‍ പേര്‍ അണിനിരക്കുന്ന വളണ്ടിയര്‍മാര്‍ച്ചും നടക്കും.

chandrika: