X

കോലി മികവില്‍ ഇന്ത്യ കപ്പടിക്കും

ലോകകപ്പ് ക്രിക്കറ്റില്‍ വീവിധ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്‍ സംസാരിക്കുന്ന കോളം -മൈ മാര്‍ക്ക് ഇന്ന് മുതല്‍. ആദ്യ ദിവസം ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും നിലവില്‍ കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍ സംസാരിക്കുന്നു

ലണ്ടന്‍: ഇത്തവണ ലോകകപ്പിന് വ്യക്തമായ സാധ്യത ഇന്ത്യക്കാണെന്ന്. ലോകകപ്പ് സ്വന്തമാക്കുക എന്നത് ഏത് ടീമിന്റെയും ആഗ്രഹമാണ്. പക്ഷേ പലപ്പോഴും പലര്‍ക്കും ആ നേട്ടത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്ന വേളകളില്ലെല്ലാം വ്യക്തിഗതമായ പ്രകടനങ്ങളും നേതൃത്ത്വവും പലപ്പോഴും കപ്പ് നേട്ടത്തെ സഹായിച്ചിട്ടുണ്ട്. 1975 ല്‍ ഇവിടെ നടന്ന ലോകകപ്പില്‍ വിന്‍ഡീസ് കപ്പ് ഉയര്‍ത്തിയത് ക്ലൈവ് ലോയിഡിന്റെ മികവിലായിരുന്നു. 1979 ലെ ലോകകപ്പിലേക്ക് വരുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സന്റെ ഊഴം. 1983 ല്‍ ഇന്ത്യ കപ്പ്് സ്വന്തമാക്കിയത് കപില്‍ദേവ് മാജിക്കിലായിരുന്നു. അവസാനമായി ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്ന 1999 ല്‍ സ്റ്റീവ് വോയുടെയും സംഘത്തിന്റെയും കരുത്തിലായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. ഇത്തവണ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്് ഞാന്‍ കാണുന്നത് വിരാത് കോലിയെയാണ്. ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നതിനൊപ്പം നാളെയുടെ ഇതിഹാസമാണ് അദ്ദേഹം. സാങ്കേതികമായ മികവും വേഗത്തില്‍ റണ്‍സ് നേടാനുള്ള കരുത്തും അധികം അവസരങ്ങള്‍ നല്‍കാതെ ഗ്രൗണ്ട് ഷോട്ടുകളുമായി അദ്ദേഹം മികവ് പ്രകടിപ്പിക്കുന്നതും ആ ബാറ്റ്‌സ്മാനെ വിത്യസ്തനാക്കുന്നുണ്ട്. പരമ്പരാഗത ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നതെങ്കിലും വിത്യസ്ത സാഹചര്യങ്ങളെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്, രോഹിത് ശര്‍മ്മയെ പോലെ ഒരാളുടെ പിന്തുണയും കോലിക്കുണ്ട്. ഇന്ത്യന്‍ ബൗളിംഗിന് കരുത്ത്് പകരുന്ന ജസ്പ്രീത് ബുംറയുടെ സാന്നിദ്ധ്യവും പ്രധാനമാണ്.
ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ജോസ് ബട്‌ലറെ പോലെ ഒരാളുള്ളപ്പോള്‍ ഏത് സ്‌ക്കോര്‍ നേടാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും കഴിയും. ക്രിസ് ഗെയിലിനെ പോലും കടത്തി വെട്ടുന്ന സ്‌ട്രൈക്ക് റേറ്റാണ് സമീപകാലത്ത്് ബട്‌ലര്‍ക്കുള്ളത്. ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയ തകര്‍പ്പന്‍ ബാറ്റ്‌സ്മാന്മാരുടെ സാന്നിദ്ധ്യം ഇംഗ്ലണ്ടിന് വലിയ സാധ്യത നല്‍കുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.
ഈ ലോകകപ്പിന്റെ സവിശേഷതയായി മാറാന്‍ പോവുന്നത് ഡാഷിംഗ് ഓപ്പണര്‍മാരായിരിക്കും. എല്ലാ ടീമുകളിലും തകര്‍പ്പന്‍ ഓപ്പണര്‍മാരുണ്ട്. കൂടാതെ നല്ല ഓള്‍റൗണ്ടര്‍മാരും. ക്വിന്റണ്‍ ഡി കോക്ക്, ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍, ഹാര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ ഏത് സാഹചര്യത്തിലും അപകടകാരികളാവാന്‍ സാധ്യതയുള്ളവരാണ്.ലോകകപ്പിനെത്തുന്ന ബൗളര്‍മാരില്‍ എന്ത് കൊണ്ടും ഒന്നാം സ്ഥാനത്ത് വരാന്‍ സാധ്യതയുള്ള ബൗളര്‍ ജസ്പ്രീത് ബുംറയായിരിക്കും. നല്ല ഇക്കോണമി റേറ്റില്‍ അദ്ദേഹം പന്തെറിയുന്നുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ്, കാഗിസോ റബാദ, ട്രെന്‍ ബോള്‍ട്ട് എന്നിവരെ പോലെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇംഗ്ലണ്ടിലെ പിച്ചുകള്‍ പ്രതീക്ഷിക്കപ്പെടുന്നത് പോലെ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിയാല്‍ ആ സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ യൂസവേന്ദ്ര ചാഹല്‍, കുല്‍ദിപ് യാദവ് എന്നിവര്‍ക്ക് കഴിയും. വെളുത്ത ബോളില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സ്പിന്നര്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ്. അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ മിന്നിയാല്‍ ആ ക്രെഡിറ്റ് അവരുടെ സ്പിന്നര്‍ റാഷിദ് ഖാനുള്ളതാവും.

web desk 1: