kerala

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമീഷന്‍

By webdesk17

July 17, 2025

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷന്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന നിര്‍മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്.

അപകടസാധ്യത സ്‌കൂളിനെ അറിയിച്ചിരുന്നുവെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം.