കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂന്ന് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടായിരുന്നു.

സമീപത്തെ പതിനഞ്ചോളം കടകളിലേക്കും തീ വ്യാപിച്ചിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തീ നിയന്ത്രണ വിധേയമാക്കാന്‍ കടുത്ത പരിശ്രമത്തിലായിരുന്നു. തുണിക്കടകളും ചെരിപ്പുകളുമുള്ള കടകളാണ് കത്തി നശിച്ചത്. എന്നാല്‍ കടയിലുണ്ടായിരുന്ന അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പരിഭ്രാന്തി പരത്തിയെങ്കിലും അവ സുരക്ഷിതമായി പുറത്തെടുത്തു. കയറില്‍ കെട്ടിയാണ് സിലിണ്ടറുകള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കിയത്.

സംഭവസ്ഥലത്ത് കനത്ത പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രവര്‍ത്തനം തീപിടുത്തം അണക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. കടകളില്‍ ആരും കുടുങ്ങിയിട്ടില്ല.