യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്‌ലറ്റികോ മാഡ്രിഡ് അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് 2-4 ന് വീഴ്ത്തുകയായിരുന്നു.

ത്രില്ലറില്‍ സിറ്റി

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പൊരുതിക്കളിച്ച മൊണാക്കോക്കെതിരെ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് സിറ്റി ജയിച്ചു കയറിയത്. 26-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് ആണ് സിറ്റിയെ ആദ്യം മുന്നിലെത്തിച്ചത്. 32-ാം മിനുട്ടില്‍ ഫാബിഞ്ഞോയുടെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് റാഡമല്‍ ഫാല്‍ക്കാവോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 40-ാം മിനുട്ടില്‍ എംബാപ്പെ ലോട്ടിന്‍ മൊണാക്കോയ്ക്ക് ലീഡ് നല്‍കി.

ഒരു ഗോള്‍ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ സിറ്റിക്ക് 49-ാം മിനുട്ടില്‍ ഭാഗ്യം തുണയായി. നിക്കോളാസ് ഒറ്റമെന്‍ഡി പെനാല്‍ട്ടി വഴങ്ങിയെങ്കിലും ഫാല്‍ക്കാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ വില്ലി കാബയേറോ പിടിച്ചെടുത്തു.

സമനില ഗോളിനായി പൊരുതിയ സിറ്റിക്ക് 58-ാം മിനുട്ടിലാണ് അഗ്വേറോ ആശ്വാസം നല്‍കിയത്. സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നുള്ള അഗ്വേറോയുടെ ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ പിഴവിലാണ് വലയില്‍ കയറിയത്. 61-ാം മിനുട്ടില്‍ ഫാല്‍ക്കാവോ വീണ്ടും മൊണാക്കോയെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ഫാല്‍ക്കാവോ ചിപ്പ് ചെയ്ത പന്ത് ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ വലയിലേക്ക് താണിറങ്ങുകയായിരുന്നു.

71-ാം മിനുട്ടില്‍ അഗ്വേറോ വീണ്ടും ടീമിന് സമനില നല്‍കി. ഡേവിഡ് സില്‍വയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള വോളിയാണ് ലക്ഷ്യം കണ്ടത്. 77-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ യായ ടൂറെ ഹെഡ്ഡ് ചെയ്ത പന്ത് വലയിലേക്ക് തട്ടി ജോണ്‍ സ്‌റ്റോണ്‍സ് സിറ്റിക്ക് ലീഡ് നല്‍കി. 82-ാം മിനുട്ടില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് ലിറോയ് സാനെ കൂടി ഗോളടിച്ചതോടെ സിറ്റിയുടെ വിജയം പൂര്‍ണമായി. വാശിയേറിയ പോരില്‍ പത്തു തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.

ഗോളുകള്‍ കാണാം:

അത്‌ലറ്റികോ ആധിപത്യം

എവേ മത്സരത്തില്‍ 17-ാം മിനുട്ടില്‍ സൗള്‍ നിഗ്വെസിന്റെ തകര്‍പ്പന്‍ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ആണ് ആദ്യം ലീഡെടുത്തത്. 25-ാം മിനുട്ടില്‍ ഗമേറോയുടെ പാസില്‍ നിന്ന് ആന്റോയിന്‍ ഗ്രീസ്മന്‍ ലീഡുയര്‍ത്തി.

48-ാം മിനുട്ടില്‍ കരീം ബെല്ലറബി ആതിഥേയര്‍ക്കു വേണ്ടി ഒരു ഗോള്‍ മടക്കി. പക്ഷേ, 68-ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍ട്ടി ലെവര്‍കുസന് തിരിച്ചടിയായി. കിക്കെടുത്ത കെവിന്‍ ഗമീറോയ്ക്ക് പിഴച്ചില്ല. 68-ാം മിനുട്ടില്‍ അത്‌ലറ്റികോ ഡിഫന്റര്‍ സ്റ്റെഫാന്‍ സാവിച്ച് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ലെവര്‍കുസന് തിരിച്ചുവരാന്‍ സാധ്യത തെളിഞ്ഞെങ്കിലും 86-ാം മിനുട്ടില്‍, പകരക്കാരനായിറങ്ങിയ ഫെര്‍ണാണ്ടോ ടോറസ് ഹെഡ്ഡര്‍ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.

ഗോളുകള്‍ കാണാം: