കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട കെടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധു നിയമന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഇപി ജയരാജന്‍, അനധികൃത കയ്യേറ്റം ചെയ്തതിന്റെ പേരില്‍ വിട്ടു നിന്ന തോമസ് ചാണ്ടി, എം. ശിവശങ്കര്‍ എന്നിവരുടേതു പോലെ കെടി ജലീലിനും രാജിവെക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജലീലിന് വിവരങ്ങള്‍ മറച്ചുവെക്കാനുള്ളത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. മന്ത്രി രാജിവെക്കും വരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. കാസര്‍ക്കോട്ടും കോഴിക്കോട്ടും യൂത്ത്‌ലീഗിന്റെ പ്രതിഷേധം തുടരുന്നു. കോഴിക്കോട്ടെ യൂത്ത്‌ലീഗ് പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മലപ്പുറം വളാഞ്ചേരിയിലെ ജലീലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തി. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപിയും മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടക്കുന്നു.