കൊച്ചി: സ്വര്‍ണക്കടത്തിനിടെ പുറത്തുവന്ന മതഗ്രന്ഥ വിതരണവും സംശയമുനയിലേക്ക്. യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിച്ചെന്നു പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.

യുഎഇ കോണ്‍സുലേറ്റിലേക്ക് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ മാര്‍ച്ച് നാലിനുവന്ന നയതന്ത്ര ബാഗേജിന് എയര്‍വേ ബില്ലില്‍ 4478 കിലോ തൂക്കമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 250 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ ഒരു പായ്ക്കറ്റിന് 17.912 കിലോയുണ്ടാവും. മന്ത്രി ജലീല്‍ സൂക്ഷിച്ച പായ്ക്കറ്റുകളില്‍നിന്ന് ശേഖരിച്ച ഒരു സാംപിള്‍ മതഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് അളന്നപ്പോള്‍ 576 ഗ്രാമാണ്. ഇതനുസരിച്ചാണെങ്കില്‍ ഒരു പായ്ക്കറ്റിന് 17.856 കിലോ തൂക്കവും അതില്‍ 31 മതഗ്രന്ഥങ്ങളും കണ്ടേക്കാമെന്നാണ് കസ്റ്റംസ് പറയുന്നത്.

ബില്ലില്‍ രേഖപ്പെടുത്തിയ തൂക്കവും കസ്റ്റംസിന്റെ സാംപിള്‍ പരിശോധനയുടെ തൂക്കവുമനുസരിച്ച് നോക്കുമ്പോള്‍ രണ്ടും തമ്മില്‍ 14 കിലോയുടെ വ്യത്യാസമുണ്ട്. വന്നത് മുഴുവന്‍ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നതില്‍ സംശയമുണ്ട്. ഇതാണ് അന്വേഷിക്കുന്നത്.

മന്ത്രി ജലീല്‍ മലപ്പുറത്തെത്തിച്ച പായ്ക്കറ്റുകളില്‍ 992 മതഗ്രന്ഥങ്ങളാണെന്നാണു സൂചന. എയര്‍വേ ബില്ലിലെ തൂക്കമനുസരിച്ച് മതഗ്രന്ഥങ്ങളാണെങ്കില്‍ 7750 എണ്ണമാവും എത്തിയിരിക്കുക. ബാക്കി 6758 എണ്ണം എവിടെയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. എത്തിയ 250 പായ്ക്കറ്റുകളില്‍ 32 എണ്ണം സിആപ്റ്റിന്റെ ഓഫീസിലെത്തിച്ചു. ഇതാണ് സിആപ്റ്റ് വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ചതെന്ന് മന്ത്രി ജലീല്‍ അവകാശപ്പെടുന്നത്.

കേന്ദ്രാനുമതിയില്ലാതെ കോണ്‍സുലേറ്റിനുപോലും മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ, കോണ്‍സുലേറ്റില്‍നിന്നുള്ള ഇത്തരം ഇടപാടുകള്‍ക്ക് താന്‍ കമ്മിഷന്‍ കൈപ്പറ്റിയിരുന്നതായി സ്വപ്നാ സുരേഷ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുന്‍കൂര്‍ അനുമതിതേടണം. കേരളസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യുഎഇ കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസറും വ്യക്തമാക്കിയിരുന്നു.