അമേരിക്കയുടെ വൈസ് പ്രസിഡന്റായി ആദ്യമായി ഒരു കറുത്തവര്‍ഗക്കാരി, ഏഷ്യന്‍-ആഫ്രിക്കന്‍ വംശജ, ഇന്ത്യക്കാരി, എല്ലാറ്റിലുമുപരി ഒരു വനിത ഇതാ വരാനിരിക്കുന്നു. കോവിഡ്-19 കാലത്ത് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് വൈസ്പ്രസിഡന്റിനെയും യാങ്കികള്‍ ബാലറ്റിലൂടെ തിരഞ്ഞെടുക്കുക. വര്‍ഗീയതയും വംശീയതയും വര്‍ണവെറിയും തരാതരം പൊലിപ്പിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ്ട്രംപിന ് വെല്ലുവിളിയായിരിക്കുന്നത് ഇപ്പോള്‍ മറ്റാരേക്കാളുപരി തമിഴ്‌നാട്ടുകാരി കമലദേവി ഹാരിസാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബീഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന് എതിരാളിയെങ്കിലും ട്രംപിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകളെല്ലാം പക്ഷേ കമലഹാരിസിലാണ്. പ്രതീക്ഷച്ചിരുന്നുവെങ്കിലും ആഗസ്ത് 11 ലെ കമലയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം കേട്ട് ലോകം കോരിത്തരിച്ചു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇന്ത്യന്‍ വംശജ. വനിതകള്‍ക്കും മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെല്ലാം എതിരായി ഒട്ടനവധി പ്രസ്താവനകളാണ് ട്രംപ് എന്ന ബിസിനസ്മാന്‍ ടേണ്‍ഡ് പൊളിറ്റീഷ്യന്‍ ഇതിനകം നടത്തിയിരിക്കുന്നത്. അതിനാല്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവാണ് ലോക ജനതയിലെ പലരും സ്വപ്‌നം കാണുന്നത്. ബീഡന്‍ ജയിച്ചാല്‍ സ്വാഭാവികമായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെതിരായി കമലയും ജയിക്കും. അമേരിക്കയെക്കുറിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള സകല അപഖ്യാതികള്‍ക്കുമത് പരിഹാരമാകുമെന്നാണ് നിരീക്ഷക മതം.

കമലയുടെ പേരിനൊപ്പം ഹാരിസ് എന്നുള്ളതുകൊണ്ട് അവര്‍ക്ക് മുസ്്‌ലിം ബന്ധമുണ്ടെന്നൊന്നും കരുതേണ്ടതില്ല. പിതാവ് സത്യക്രിസ്ത്യാനിയായ ഹാരിസാണ്. ചെന്നൈ വസന്ത്‌നഗറിലെ ബ്രാഹ്മണ കുടുംബത്തിലാണ് കമലയുടെ അമ്മ ശ്യാമളയുടെ ജനനം. 1958ലാണ് ശ്യാമളഗോപാലന്‍ എന്ന 19കാരി പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെയും പിന്‍തലമുറകളുടെയും ജീവിതം മാറിമറിയുന്നത് ഡൊണാള്‍ഡ് ജെ.ഹാരിസുമായുള്ള വിവാഹത്തോടെയായിരുന്നു. ജീവശാസ്ത്ര ഗവേഷകയായിരുന്നു ശ്യാമള. ആഫ്രിക്കന്‍ രാജ്യമായ ജമൈക്കക്കാരനാണ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പഠനത്തിനായി 1960കളിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ഭാവിയെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. സഹോദരി മായയുമൊത്ത് കാലിഫോര്‍ണിയയിലായിരുന്നു കമലയുടെ താമസം. തായ്‌വേരുകള്‍ തേടിയുള്ള അല്‍പം ചില യാത്രകള്‍ മാത്രമേ ഇന്ത്യയുമായി കമലക്കുള്ളൂ. എങ്കിലും തമിഴര്‍ ‘യിത് നമ്മ പുള്ളൈതാനേ’ (ഇത് നമ്മുടെ പെണ്‍ കുട്ടിയാണ്) എന്ന് അഭിമാനത്തോടെ പറയുന്നു; കമലയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. ബറാക് ഒബാമയെന്ന ആഫ്രിക്കന്‍ വംശജനായ കറുത്ത വര്‍ഗക്കാരനെ പ്രസിഡന്റാക്കിയ രാജ്യമാണ് യു.എസ് അടുത്തിടെ ജോര്‍ജ് #ോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ചുകൊന്ന പശ്ചാത്തലത്തില്‍ കമലക്കും കറുത്തവര്‍ക്കും അനുകൂലമായി സഹതാപ തരംഗം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ കമലയെ പരമാവധി ഭത്‌സിക്കുകയാണ് ട്രംപിന്റെ രീതി. കമലയുടെ സ്ഥാനാര്‍ത്ഥിത്വംവഴി ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകളെങ്കില്‍, ഇതിനെ വെള്ളക്കാരുടെ വര്‍ണവെറിക്ക് പുതിയ ആയുധമാക്കിയെടുത്തിരിക്കുകയാണ് ട്രംപ്. അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിരന്തരം ചൊരിയുകയാണ് പരാജയ ഭയം മുന്നില്‍കണ്ട് ട്രംപ്. യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്‍ക്കും നല്‍കുമെന്നാണ്. തന്റെ വളര്‍ച്ചയില്‍ അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.

2017ലാണ് കമല കാലിഫോര്‍ണിയയില്‍നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ 17വരെ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായിരുന്നു. ഹോവാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും നേടി. കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് ജനനം. ഏഴാം വയസ്സിലേ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. 2016ല്‍ സെനറ്ററായതോടെ ആദ്യമായി ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യക്കാരിയും രണ്ടാമത്തെ ആഫ്രോ-അമേരിക്കക്കാരിയുമായി. അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാളായി കമല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ ലോകത്തെ സ്വാധീന ശക്തിയുള്ള 100 വ്യക്തികളിലൊന്നായി ടൈം മാഗസിന്‍ കമലയെ തിരഞ്ഞെടുത്തു. ഫലസ്തീന്‍, കശ്മീര്‍, രോഹിംഗ്യന്‍, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇരകളുടെ പക്ഷത്താണ് കമല. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് അംഗമാണ്. അഭിഭാഷകനായ ഡഗ്ലസുമായുള്ള വിവാഹം 2014ലായിരുന്നു. മക്കളില്ല.