ജബ്ബാര്‍ ചുങ്കത്തറ

കെ.ടി ജലീലിന്റെ പുതിയ ഭക്തി പോസ്റ്റ് കണ്ടോ? ‘മിതവാദിയായ നായിഡുജി’ എന്നാണ് ലക്ഷണമൊത്ത സംഘി നേതാവായ വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാന്‍ കിട്ടിയ അവസരത്തില്‍ ജലീല്‍ പ്രയോഗിച്ചത്. സംഘഭക്തിയുടെ ഭരണിപ്പാട്ടാണ് പോസ്റ്റിലുടനീളം. കാര്യകാരണങ്ങളില്ലാത്ത മുഖസ്തുതി പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് മനസിലായത് ഒന്നുകില്‍ പ്രൊഫസര്‍ ജലീലിന് തലക്ക് നല്ല വെളിവില്ല അല്ലെങ്കില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അവസരവാദത്തിന്റെ മൂത്താപ്പയായ ജലീല്‍ നല്ലൊരു ഭാവി കാണുന്നുണ്ട്. മുമ്പൊരിക്കല്‍ അത് അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായപ്പോഴായിരുന്നു. സഹപ്രവര്‍ത്തകരായി കഴിഞ്ഞ കാലമൊക്കെ ഓര്‍ത്തുപുളകിതനാവുകയാണ് ഇയാള്‍. ഏതായാലും ജലീല്‍ മിതവാദിയാണ് എന്ന് പറഞ്ഞു കൊണ്ട് പറയുകയാണ്. ബിജെപിയിലെ ആര്‍.എസ്.എസ് പ്രതിനിധിയാണ് പണ്ടേ വെങ്കയ്യ നായിഡു. ശാഖ വഴി എബിവിപിയില്‍ വര്‍ക്ക് ചെയ്ത് ദേശീയ രാഷ്ട്രീയത്തില്‍ നാഗ്പൂരെ വര്‍ഗീയ കേന്ദ്രത്തിന്റെ പ്രധാന നോമിനിയാണ് ഈ ആന്ധ്ര അപ്പര്‍കാസ്റ്റ്. അടല്‍ ബിഹാരിയുടെ മന്ത്രിസഭ മുതല്‍ സജീവ സംഘപരിവാര്‍ വക്താവാണ്. താനൊരു സംഘ്പരിവാറുകാരനാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകനായതില്‍ ഇപ്പോഴും അഭിമാനിക്കുന്നുവെന്നും പാര്‍ലിമെന്റില്‍ ഉദ്‌ഘോഷിച്ച മൂത്ത സംഘിയാണ്. ഘര്‍വാപ്പസി ഹിന്ദുവിന്റെ അവകാശമാണെന്നും വര്‍ഷങ്ങളായി വിദേശ സഹായത്തോടെ ഇവിടെ മതപരിവര്‍ത്തനം മറ്റുപലരും നടത്തുന്നുണ്ട് എന്നും നാടന്‍ സംഘികളെപ്പോലെ വിഷംതുപ്പിയ ആളാണ് ജലീലിന്റെ ‘മിതവാദി’. ഹാമിദ് അന്‍സാരിക്കെതിരെ സൈബര്‍ സംഘികളുടെ കൂട്ട ആക്രമണമുണ്ടായപ്പോള്‍ രാജ്യസഭയില്‍ അതിനെ യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചയാളാണ് വെങ്കയ്യ നായിഡു. തീവ്രസംഘികള്‍മൃദുസംഘികള്‍ എന്ന ദ്വന്ദമുണ്ടാക്കി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മുഴുവന്‍ മൃദുസംഘിസത്തിന്റെ വക്താക്കളാക്കുകയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പുതിയ രീതി. രാഹുല്‍ ഈശ്വരാണ് ഈ രീതി കേരളത്തില്‍ അവതരിപ്പിച്ചു തുടങ്ങിയത്. മോദിയും ഗോള്‍വാള്‍ക്കറും മൃദുസംഘി എന്ന ഈ ഇനത്തില്‍ പെടും. അതിലേക്ക് ഇടതുപക്ഷത്തിന്റെ പുതിയ സംഭാവനയാണ് വെങ്കയ്യ നായിഡു. എല്ലാവരും അമ്പലം കക്കുമ്പോള്‍ ഒരു കിണ്ണമെങ്കിലും കക്കാതെയെങ്ങനെയാണ് പുതിയ കാലത്തു പിടിച്ചു നില്‍ക്കുക. ഒരിക്കല്‍ കൂടെ ഓര്‍മ്മിക്കട്ടെ ഈ മന്ത്രിസഭയില്‍ ജലീലിനോളം പൊള്ളത്തരങ്ങളുള്ള വേറൊരു വ്യക്തിയില്ല.